എല്‍കെജി - യുകെജി കുട്ടികളെ പൊലെ ബിജെപിയും ഡിഎംകെയും തമ്മില്‍ തല്ലുന്നു; 'മോദിയെയും സ്റ്റാലിനെയും പുറത്താക്കണം'; ഗെറ്റ് ഔട്ട് ക്യാംപയിനുമായി വിജയ്

എല്‍കെജി - യുകെജി കുട്ടികളെ പൊലെ ബിജെപിയും ഡിഎംകെയും തമ്മില്‍ തല്ലുന്നു

Update: 2025-02-26 10:54 GMT

ചെന്നൈ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്നുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ ക്യാംപെയ്നെന്നും വിജയ് വ്യക്തമാക്കി.

ബിജെപി, ഡിഎംകെ പാര്‍ടികള്‍ക്കെതിരെ പരിഹാസവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതനെച്ചൊല്ലി ഇരു പാര്‍ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് പ്രതിപാദിച്ചാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിജയ്യുടെ വിമര്‍ശനം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും ഇത് എല്‍കെജി-യുകെജി കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണ് എന്നുമായിരുന്നു വിജയ്യുടെ പരിഹാസം. ബിജെപിയും ഡിഎംകെയും ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണെന്നും വിജയ് പറഞ്ഞു. 'അവര്‍ സാമൂഹിക മാധ്യമത്തില്‍ ഹാഷ്ടാഗുകൊണ്ട് കളിച്ച് പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്, അത് നമ്മള്‍ വിശ്വസിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. വാട് ബ്രോ, ഇറ്റ് ഈസ് വെരി റോങ് ബ്രോ'വിജയ് പരിഹസിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്നതില്‍ ഡിഎംകെയും ബിജെപിയും ഒറ്റക്കെട്ടാണെന്നും വിജയ് പറഞ്ഞു. 'ഒരാള്‍ പാടുമ്പോള്‍ മറ്റൊരാള്‍ ഐക്യത്തോടെ നൃത്തം ചെയ്യുന്നു, ഇതുമൂലം സാധാരണക്കാരുടെ ആശങ്കകള്‍ കേള്‍ക്കാതിരിക്കുകയും പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.'- വിജയ് പറഞ്ഞു.

തമിഴ് ഭാഷ അതിപ്രധാനമായ വികാരമാണെന്നും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും വിജയ് പറഞ്ഞു. പബ്ലിസിറ്റിക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് ഡിഎംകെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കായി എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അവരവരുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നം വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളോട് തന്റെ പാര്‍ട്ടിയുടെ ഭാഗമാകാനും വിജയ് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ട് കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും വിജയ് പറഞ്ഞു.

Tags:    

Similar News