പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ ഏകദേശം 16.35 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്; സമ്പന്നര്‍ക്ക് കൊള്ളയടിക്കാന്‍ പാകത്തില്‍ പൊതുമേഖലാ ബാങ്കുകളെ ഒരുക്കുകയാണ് കേന്ദ്രം; വി ശിവദാസന്‍ എംപി
സമ്പന്നർക്ക് കൊള്ളയടിക്കാൻ പാകത്തിൽ പൊതുമേഖലാ ബാങ്കുകളെ ഒരുക്കുകയാണ് കേന്ദ്രം: വി ശിവദാസൻ എംപി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ നട്ടെല്ലായ പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് വി ശിവദാസന്‍ എംപി. പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിര നിയമനം നടത്തണമെന്നും ബാങ്കിങ് അമെന്‍ഡ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ സംസാരിച്ചു കൊണ്ട് വി ശിവദാസന്‍ പറഞ്ഞു. പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ ഏകദേശം 16.35 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. സമ്പന്നര്‍ക്ക് കൊള്ളയടിക്കാന്‍ പാകത്തില്‍ ബാങ്കുകളെ ഒരുക്കുകയാണ് കേന്ദ്രം.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന സ്വര്‍ണ്ണ വായ്പകളിലെ ഇടിവ് ഇതിനുദാഹരണമാണ്. മുമ്പ്, കുറഞ്ഞ പലിശ നിരക്കുള്ള ഈ വായ്പകള്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സഹായകരമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ അത്തരം സൗകര്യങ്ങള്‍ കുറയ്ക്കുമ്പോള്‍, അമിത പലിശ നിരക്ക് ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരിലേക്ക് ആളുകള്‍ കൂടുതലായി തിരിയുന്നു.
ഭരണവര്‍ഗവുമായി അടുത്ത ബന്ധമുള്ള ഉന്നതര്‍ക്ക് വലിയ സാമ്പത്തിക സഹായം ലഭിക്കുമ്പോള്‍, ഗ്രാമീണ ജനത സ്വകാര്യ വായ്പാദാതാക്കളെ ആശ്രയിക്കുന്നത് തുടരുകയാണ്. പൊതുമേഖലാ ബാങ്കുകളിലെ തൊഴില്‍ സാഹചര്യങ്ങള്‍ വളരെ മോശമായ അവസ്ഥയിലാണ്. ഇടപാടുകളില്‍ വര്‍ദ്ധനവുണ്ടായിട്ടും, ബാങ്ക് ജീവനക്കാരുടെ എണ്ണം 2014ല്‍ 8,42,813ല്‍ നിന്ന് ഇന്ന് 7,64,679 ആയി കുറഞ്ഞു. കരാര്‍ തൊഴില്‍ വര്‍ദ്ധിച്ചു. നിശ്ചിത ജോലി സമയം, പ്രസവാവധി, പെന്‍ഷന്‍ , മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കരാര്‍ ജീവനക്കാര്‍ക്ക് നിഷേധിക്കപെടുകയാണ്. കരാര്‍വല്‍ക്കരണം സാമൂഹ്യനീതി അട്ടിമറിക്കുന്നതിനു കാരണമാകുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്കായി ആളെക്കൂട്ടുന്ന ജോലി കൂടി പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥരുടെ ചുമലിലാണ്. കാര്യമായ റിട്ടേണ്‍ ലഭിക്കാത്ത കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ അടിച്ചേല്പിയ്ക്കാനും ബാങ്ക് ഉദ്യോഗസ്ഥരെ കേന്ദ്രം നിര്‍ബന്ധിക്കുകയാണ്. 2014ല്‍ 1251 അക്കൗണ്ടിന് ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ നിന്നും 2024-ല്‍ 2686 അക്കൗണ്ടിന് ഒരു ജീവനക്കാരന്‍ എന്ന് അവസ്ഥയായി. ജീവനക്കാര്‍ അമിതഭാരത്തിലാണ്. ഇത് ആത്യന്തികമായി പൊതുജനങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ജീവനക്കാര്‍ക്ക് ജോലി സമയത്തിന് ശേഷവും തൊഴിലിടങ്ങളില്‍ നിന്നും ഫോണ്‍ വിളികളും ജോലി സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നു. ജോലി തീര്‍ന്നാല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള അവകാശം 'റൈറ്റ് ടു ഡിസ്‌കണക്ട്' ഉറപ്പാകേണ്ടതുണ്ട്. ചെറിയ ബാങ്കുകളെ ആദ്യം ലയിപ്പിച്ച് വലിയ ബാങ്ക് ആക്കുകയും തുടര്‍ന്ന് സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നയം.
ചെറിയ ബാങ്കുകളുടെ ഒരു ശൃംഖലയാണ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിനു നല്ലത് എന്നതാണ് അന്താരാഷ്ട്ര അനുഭവം. കേരളസഹകരണബാങ്കിങ് മേഖല ജനകീയവും വികേന്ദ്രീകൃതവുമായ ബാങ്കിങ് ശൃംഖലയ്ക്ക് ഉദാഹരണമാണ്. എന്നിട്ടും സഹകരണ സ്ഥാപനങ്ങളുടെ മേല്‍ നിയന്ത്രണം കേന്ദ്രീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിരനിയമനം നടത്തണമെന്നും ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.