ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കല്ലും ചാണകവും ചെരിപ്പും വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടം; മൂര്‍ദാബാദ് മുദ്രാവാക്യം മുഴക്കി അതിക്രമം; ആര്‍ജെഡി ഗൂണ്ടകളെന്നും തങ്ങള്‍ അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ; പൊലീസ് നിസാരവത്കരിച്ചപ്പോള്‍ സ്വമേധയാ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കല്ലും ചാണകവും ചെരിപ്പും വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടം
പാറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ ആളുകള്‍ കല്ലെറിഞ്ഞു. സ്വന്തം മണ്ഡലമായ ലഖിസാരയില്‍ വോട്ടെടുപ്പ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ജനം അദ്ദേഹത്തിന്റെ വാഹനം തടയുകയും കല്ലുകളും, ചാണകവും ചെരിപ്പുകളും എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ബിജെപിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.)യും തമ്മില്‍ വാക്‌പോര് മുറുകി.
ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപിച്ചു. സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ ആള്‍ക്കൂട്ടം സിന്‍ഹയുടെ വാഹനത്തിന് ചുറ്റും നിന്ന് മുദ്രാവാക്യം വിളിക്കുകയും മുന്നോട്ട് പോകുന്നത് തടയുകയും ചെയ്യുന്നതായി കാണാം. 'മുര്‍ദാബാദ്' മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.
'ഇവര്‍ ആര്‍.ജെ.ഡി.യുടെ ഗുണ്ടകളാണ്. എന്‍.ഡി.എ. വീണ്ടും അധികാരത്തില്‍ വരുമെന്ന് അവര്‍ക്കറിയാം, അതുകൊണ്ടാണ് അവര്‍ ഗുണ്ടായിസത്തിലേക്ക് തിരിഞ്ഞത്. അവര്‍ എന്റെ പോളിംഗ് ഏജന്റിനെ മടക്കി അയക്കുകയും വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഖോരിയാരിയിലെ 404, 405 ബൂത്തുകളിലെ അവരുടെ പെരുമാറ്റം നോക്കൂ,' സിന്‍ഹ പറഞ്ഞു.
ബിജെപിയുടെ പോളിംഗ് ഏജന്റുമാരെ ആര്‍ജെഡി ഭീഷണിപ്പെടുത്തിയെന്ന സിന്‍ഹയുടെ ആരോപണം പോലീസ് തള്ളിക്കളഞ്ഞതോടെ അദ്ദേഹം പോലീസിനോട് ക്ഷുഭിതനായി. 'ഞങ്ങള്‍ അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിക്കും,' അദ്ദേഹം രോഷാകുലനായി പ്രതികരിച്ചു. ചില ബൂത്തുകള്‍ പിടിച്ചെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ 'പേടിതൊണ്ടന്‍', 'കഴിവില്ലാത്തവന്‍' എന്നിങ്ങനെ സിന്‍ഹ വിശേഷിപ്പിച്ചു. പ്രതിഷേധക്കാര്‍ തന്നെ അകത്തുകടക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇത് ഭരണകൂടത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖിസാരായിയില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ സിന്‍ഹ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്.
അതേസമയം, ഇത് നാട്ടുകാരുടെ പ്രതിഷേധമായിരുന്നുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സിഇസി ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബീഹാര്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഡി.ഐ.ജി. രാകേഷ് കുമാര്‍ ഖോരിയാരി ഗ്രാമം സന്ദര്‍ശിച്ചു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി. ഉറപ്പ് നല്‍കി.
ബീഹാറില്‍, എന്‍.ഡി.എ.യും ആര്‍.ജെ.ഡി. നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. മുന്‍ഗര്‍ റേഞ്ചിലുടനീളം പോളിംഗ് സമാധാനപരമാണെന്ന് ഡി.ഐ.ജി. രാകേഷ് കുമാര്‍ അറിയിച്ചു. വോട്ടെടുപ്പിന് യാതൊരു തടസ്സവും ഉണ്ടായിട്ടില്ല. തേജസ്വി യാദവ് (രാഘോപൂര്‍), തേസ് പ്രതാപ് യാദവ് (മഹ്വ), ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി (താരാപൂര്‍) എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരുടെ വിധി ഈ ഘട്ടത്തില്‍ നിര്‍ണ്ണയിക്കപ്പെടും.
