ആര്‍എസ്എസിന്റെ പ്രാധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടില്ല; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നു; ഗാന്ധിവധം ഓര്‍മിപ്പിച്ച് ബിനോയ് വിശ്വം

ഷംസീര്‍ എന്തിന് അങ്ങനെ പറഞ്ഞെന്ന് അറിയില്ല

Update: 2024-09-10 10:08 GMT

കോഴിക്കോട്: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ. ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു. ആര്‍എസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. എഡിജിപി ഊഴം വെച്ച് ആര്‍എസ്എസ് മേധാവികളെ കാണുന്നത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഉണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഷംസീര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഒഴിവാക്കേണ്ട പ്രസ്താവന ആയിരുന്നുവെന്നും ബിനോയി വിശ്വം പറഞ്ഞു. ഗാന്ധി വധത്തില്‍ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. ആര്‍എസ്എസിന് ഉണ്ടെന്നു പറയപ്പെടുന്ന ഈ പ്രധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ട പ്രധാന്യമല്ല. ഇടതുപക്ഷത്തിന് ബോധ്യപ്പെടാത്തതൊന്നും ഇടതുപക്ഷം പറയാന്‍ പാടില്ല. കേരളത്തിലെ എഡിജിപി ഇതുപോലൊരു സമ്പര്‍ക്കത്തിന്റെ പാലം എന്തിനു പണിയണം. ആര്‍എസ്എസ് വൃത്തങ്ങളുമായുള്ള ചങ്ങാത്തം എന്തിനു വേണ്ടിയാണെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഇന്ത്യയിലെ പ്രധാന സംഘടനയായ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ എഡിജിപി കണ്ടതില്‍ വലിയ അപാകത തോന്നുന്നില്ലെന്നാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്നത് അഭ്യൂഹം മാത്രമാണെന്നു വിലയിരുത്തി, ഈ ആരോപണമുന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എയെയും അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ നേതൃത്വം രംഗത്ത് വന്നത്.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദമായതോടെ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത് സിപിഐയാണ്. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാര്‍ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചിരുന്നു.

ഷംസീറിനെ ആര്‍.എസ്.എസ്. നിരോധനം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത് ഷംസീര്‍ ന്യായീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍.എസ്.എസ്. എന്നായിരുന്നു രാജേഷിന്റെ മറുപടി. ആര്‍.എസ്.എസ്. വര്‍ഗീയ സംഘടനയാണെന്നായിരുന്നു കെ.എന്‍. ബാലഗോപാലും പ്രതികരിച്ചിരുന്നു.

പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള അജിത്ത് കുമാറിന്റെ കൂടിക്കാഴ്ച. തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമാകുന്നത്.

Tags:    

Similar News