ജോസ് കെ മാണി യൂഡിഎഫിലേക്ക് വരണം; പരസ്യക്ഷണവുമായി അടൂര്‍ പ്രകാശ്; മറ്റുതടസ്സങ്ങള്‍ ഇല്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കണ്‍വീനര്‍; സിപിഐയിലെ നേതാക്കന്മാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടക്കുന്നുവെന്നും വെളിപ്പെടുത്തല്‍
ജോസ് കെ മാണി യൂഡിഎഫിലേക്ക് വരണം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി യു.ഡി.എഫ് മുന്നണിയിലേക്ക് തിരിച്ചെത്തണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജോസ് കെ. മാണിക്ക് പാര്‍ട്ടിയില്‍ ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും, അദ്ദേഹം നിലവില്‍ മുന്നണിക്ക് പുറത്ത് നില്‍ക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലേക്ക് തിരിച്ചുവരുന്നതിന് നിലവില്‍ മറ്റു തടസ്സങ്ങളൊന്നും ഇല്ലെന്നും, ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി.
കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചെത്തിയാല്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ വന്നാല്‍ ഏത് സീറ്റില്‍ മത്സരിപ്പിക്കണം, എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും നിലവില്‍ സീറ്റുകളെക്കുറിച്ച് യു.ഡി.എഫ് ഇതുവരെ ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എല്ലാ കാര്യങ്ങളും സമവായത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ജോസ് കെ. മാണിയെ കൂടാതെ മറ്റ് പല രാഷ്ട്രീയ കക്ഷികളുമായും നേതാക്കളുമായും യു.ഡി.എഫ് ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. സി.പി.ഐയിലെ ചില നേതാക്കളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, എല്ലാ ചര്‍ച്ചകളെക്കുറിച്ചും ഇപ്പോള്‍ തുറന്നുപറഞ്ഞാല്‍ അത് വഴിമുട്ടിപ്പോകാനുള്ള സാധ്യതയുണ്ടെന്നും, അതിനാല്‍ എല്ലാ ചര്‍ച്ചകളും ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.