വടക്കാഞ്ചേരി കേസില്‍ മുഖ്യമന്ത്രിക്കൊപ്പം കൂട്ടുപ്രതിയാകേണ്ട ആളാണ് മകന്‍ വിവേക്; പക്ഷേ, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; പ്രതിയായ വിദേശ പൗരന്‍ ഖാലിദ് കൊല്ലപ്പെട്ടോ എന്നും സംശയം; ഡീലുകളെ കുറിച്ച് അനില്‍ അക്കര

ഡീലുകളെ കുറിച്ച് അനില്‍ അക്കര

Update: 2025-10-11 11:43 GMT

കോഴിക്കോട്: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ പ്രതിയാകേണ്ടതായിരുന്നുവെന്നും, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഇടപെടല്‍ മൂലമാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും മുന്‍ എംഎല്‍എ അനില്‍ അക്കര ആരോപിച്ചു. കേസ് അട്ടിമറിച്ചതിന്റെ പ്രതിഫലമാണ് 'കലുങ്ക്‌സാമി'യായി സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം.

വിവേകിനു നല്‍കിയ സമന്‍സില്‍ തുടര്‍നടപടികള്‍ എടുക്കാത്തതില്‍ വിശദീകരണം തേടി പരാതി നല്‍കുമെന്നും പക്ഷേ, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളിടത്തോളം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അനില്‍ അക്കര ആരോപിച്ചു.

പ്രളയത്തിനു ശേഷം യുഎഇ കേന്ദ്രീകരിച്ച് വിവേക് കിരണ്‍, സ്വപ്ന സുരേഷ്, ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ 1000 കോടി രൂപ പിരിച്ചെടുത്തതായി അക്കര പറഞ്ഞു. ഈ തുക കേരളത്തിലെത്തിക്കുമ്പോള്‍ 18% ജിഎസ്ടി ഒഴിവാക്കാമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് വാഗ്ദാനം നല്‍കിയിരുന്നെന്നും, ഇതിലൂടെ 180 കോടി രൂപയുടെ അഴിമതിയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. യുഎഇയിലെ ബാങ്ക് ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് വിവേക് കിരണ്‍ ആയിരുന്നുവെന്നും അക്കര ആരോപിച്ചു.

സ്വപ്ന സുരേഷ് നിലവില്‍ പ്രതികരിക്കുന്നില്ലെന്നും, കേസില്‍ പ്രതിയായിരുന്ന വിദേശ പൗരന്‍ ഖാലിദിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖാലിദ് കൊല്ലപ്പെട്ടോ എന്നു പോലും സംശയിക്കേണ്ടി വരും. മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണവും കോണ്‍സല്‍ ജനറലായ ഖാലിദിന്റെ തലസ്ഥാനത്തെ കാര്‍ യാത്രയും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് തോമസ് ഐസക്കാണ്. ഇക്കാര്യത്തെ കുറിച്ചെല്ലാം അന്വേഷിക്കണമെങ്കില്‍ ഖാലിദിനെ കണ്ടെത്തേണ്ടിവരും. പാക്കിസ്ഥാനില്‍ ചെന്ന് ഭീകരരെ കണ്ടെത്താന്‍ കഴിയുന്ന കേന്ദ്രത്തിനു ഖാലിദിനെ കണ്ടെത്താന്‍ സാധിക്കാത്തത് അത്ഭുതമാണ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിക്കൊപ്പം വടക്കാഞ്ചേരി കേസില്‍ മകനും കൂട്ടു പ്രതിയാകേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണം ശിവശങ്കറില്‍ ഒതുക്കുകയായിരുന്നു. ഇ.ഡി. തലപ്പത്തുള്ള നിര്‍മല സീതാരാമന്‍, മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയപ്പോള്‍ കേരള ഹൗസില്‍ വെച്ച് കണ്ടത് ഈ 'ഡീലിന്റെ' ഭാഗമായിരുന്നെന്നും അക്കര ആരോപിച്ചു. അന്വേഷണം ആദ്യമേ അവസാനിപ്പിച്ചതില്‍ നിര്‍മല സീതാരാമനും, ഇ.ഡി.യുടെ സമന്‍സിന് മറുപടി നല്‍കിയോ എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയേണ്ടതുണ്ട്. കേരളത്തിന്റെ ഭരണം ബിജെപിയുടെ കയ്യില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും എം.വി.ഗോവിന്ദന്‍ ഇടപെട്ട് പിണറായിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

Tags:    

Similar News