കേരളത്തിലെ നിയമസഭാ തെരഞ്ഞടുപ്പ് അങ്കത്തിൽ മത്സരിക്കാൻ എഎപി ?; നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് അരവിന്ദ് കെജ്രിവാൾ; കൂടിക്കാഴ്ച നടത്തും

Update: 2026-01-04 08:48 GMT

ഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ (എഎപി) നിലപാട് സംബന്ധിച്ച് നിർണായക ചർച്ചകൾക്കായി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ സംസ്ഥാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. ഈ മാസം ഒൻപതിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുമോ എന്ന കാര്യത്തിൽ ഈ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ദേശീയ നേതൃത്വം അറിയിക്കുന്നത്. തെരഞ്ഞെടുത്ത സീറ്റുകളിൽ പാർട്ടി മത്സരിക്കണമെന്ന നിലപാടാണ് കേരള ഘടകത്തിനുള്ളത്. എന്നാൽ ഈ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ ഇതുവരെയുള്ള അനുമതി ലഭിച്ചിട്ടില്ല. ഈ വിഷയമാകും കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്യുക.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഇതിൽ മൂന്ന് വാർഡുകളിൽ എഎപി സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായി. അഞ്ച് വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എഎപി പ്രതിനിധികളുമായും അരവിന്ദ് കെജ്രിവാൾ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

Tags:    

Similar News