വര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിയാല്‍ ഭയന്ന് പള്ളിക്കകത്ത് ഒളിക്കുന്നവരല്ല തങ്ങള്‍; വഖഫ് മന്ത്രി ഈ ജനതയുടെ അഭിപ്രായത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിച്ചോയെന്ന് സംശയം; മുനമ്പത്ത് സര്‍ക്കാരിന് വീഴ്ച പറ്റി; സര്‍ക്കാരിനും മന്ത്രി അബ്ദുറഹിമാനും വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
സര്‍ക്കാരിനും മന്ത്രി അബ്ദുറഹിമാനും വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രി വി അബ്ദുറഹ്മാനെയും വിമര്‍ശിച്ച് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
മുനമ്പം ജനതയുടെ വികാരങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് ദുഃഖകരമാണ്. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. മുനമ്പം ഭൂപ്രശ്നത്തില്‍ നടക്കുന്ന സത്യഗ്രഹത്തിന്റെ 32ാം ദിവസം സമരക്കാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ നടക്കുന്ന പ്രശ്നപരിഹാര ശ്രമങ്ങളില്‍ സന്തോഷവും പ്രത്യാശയമുണ്ടെന്നും മാര്‍ പാംബ്ലാനി പറഞ്ഞു. 32 ദിവസമായി സമരം ചെയ്യേണ്ടി വരുന്നത് നിയമവാഴ്ചയുള്ള സംവിധാനത്തിന് നാണക്കേടാണ്. മുനമ്പം വിഷയം ജാതിയുടേയും മതത്തിന്റെയും വിഷയമല്ല.
സര്‍ക്കാര്‍ തീരുമാനം എടുത്തത് മുനമ്പം ജനതയുടെ അഭിപ്രായം കേള്‍ക്കാതെയാണ്. മുഖ്യമന്ത്രി ഇടപെടുന്നതില്‍ പ്രതീക്ഷയുണ്ട്. എത്ര മിനിറ്റ് ഇരുന്നാലും ഈ പ്രശ്നം തീര്‍ക്കണം. മുതലെടുപ്പിന് അവസരം നല്‍കരുതായിരുന്നുവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. നീതി നടപ്പാക്കുന്നതില്‍ നിന്ന് പിന്‍വലിയുന്നതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ടെന്ന് സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
സമരമിരിക്കുന്നവരും ന്യൂന പക്ഷമാണെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി മറക്കരുതെന്ന് മന്ത്രി വി അബ്ദുറഹ്മാന് മറുപടിയായി ബിഷപ്പ് പറഞ്ഞു. വര്‍ഗീയതയുടെ ചുവയുള്ള പ്രസ്താവനകള്‍ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും. വര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിയാല്‍ ഭയന്ന് പള്ളിക്കകത്ത് ഒളിക്കുന്നവരല്ല തങ്ങള്‍. വഖഫ് മന്ത്രി ഈ ജനതയുടെ അഭിപ്രായത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ആരെങ്കിലും പറയിപ്പിച്ചതാണെന്ന് വിശ്വസിക്കാനാണ് താത്പര്യം. മന്ത്രിയുടെ ഭാഗത്ത് നിന്ന് വീണ്ടും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുത്. ബിജെപി വര്‍ഗീയ മുതലെടുപ്പ് നടത്തുന്നു എന്ന് പറയുന്ന ഇരു കൂട്ടരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ പ്രസക്തിയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. നീതി ആരുടെയും ഔദാര്യമല്ല. വഖഫ് ബോര്‍ഡിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. കേരളത്തിലെ ഏത് ഭൂമിയിലും വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കാം. സ്വന്തം ഭൂമി വഖഫ് ബോര്‍ഡിന്റെ ആണെന്ന് തെളിയിച്ചാല്‍ മാത്രമെ വായ്പ കിട്ടുകയുള്ളൂ. ഇത് കാട്ടുനീതിയും കാട്ടാളനീതിയുമാണ്. വഖഫ് ബോര്‍ഡിനെതിരായ പരാതി പറയേണ്ടി വരുന്നത് വഖഫ് ബോര്‍ഡിനോട് തന്നെയാണെന്നും ജോസഫ് പാംപ്ലാനി വിശദീകരിച്ചു.
ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍
'ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ മാത്രമല്ല, ഇത് 1950 കള്‍ മുതല്‍ തുടങ്ങിയ പ്രശ്നമാണ്. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ മുനമ്പം ജനതയുടെ വികാരങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കാതെ ഒരു തീരുമാനമെടുത്തു എന്നതാണ് ദുഃഖകരമായ കാര്യം. മുനമ്പം ജനതയുടെ നികുതി സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചതും അവര്‍ സമരമുഖത്തേക്ക് ഇറങ്ങുന്നതു വരെ, അവരുടെ ആവശ്യങ്ങള്‍ ന്യായമാണ് എന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നതുമാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച. എന്നാല്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കുന്നതില്‍ വളരെ സന്തോഷവും പ്രതീക്ഷയുമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അന്യായങ്ങള്‍ക്ക് മുഖ്യമന്ത്രി പരിഹാരം കണ്ടെത്തും എന്നു തന്നെയാണ് ഞങ്ങളുടെ വിചാരം'' അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പും ഈ സമരവുമായി ബന്ധമൊന്നുമില്ലെങ്കിലും സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നീതിനിഷേധങ്ങളും വിഭാഗീയ ചിന്തകള്‍ ഉണര്‍ത്താനുള്ള പരിശ്രമങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മാര്‍ പാംബ്ലാനി പറഞ്ഞു.
മുനമ്പം ഭൂമി വഖഫിന്റെ ഭൂമിയല്ല എന്നു പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണകൂടം ആര്‍ജിച്ചു കഴിഞ്ഞാല്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും തലശ്ശേരി രൂപതാധ്യക്ഷന്‍ പറഞ്ഞു.''അത്തരം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചാല്‍ പ്രതിപക്ഷ നേതാവ് പറഞ്ഞതു പോലെ 10 മിനിറ്റ് വേണ്ട, ഒരു മിനിറ്റു കൊണ്ടു തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി വോട്ടുബാങ്ക് രാഷ്ട്രീയം മറന്നു നേതാക്കള്‍ സ്വീകരിക്കേണ്ടതുണ്ട്. ചിലരൊക്കെ ഇതിന് ന്യായീകരണമായി പറയുന്നത്, അവിടെ വരുന്ന പുരോഹിതര്‍ക്ക് ക്രിസ്തുവിന്റെ ഭാഷയല്ല എന്നൊക്കെയാണ്. തീര്‍ച്ചയായും ഞങ്ങള്‍ സംസാരിക്കുന്നത് ക്രിസ്തുവിന്റെ ഭാഷയാണ്. ക്രിസ്തു ഇന്ന് മനുഷ്യനായി ഈ മണ്ണില്‍ ഉണ്ടായിരുന്നു എങ്കില്‍ ഈ സമരപ്പന്തലില്‍ വരുമായിരുന്നു എന്നും മുനമ്പം ജനതയ്ക്കൊപ്പം ഇരിക്കുമായിരുന്നെന്നും ക്രിസ്തുവിനെ ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് സംശയമില്ല എന്ന് ആ നേതാവിനെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'' അദ്ദേഹം പറഞ്ഞു.
വഖഫ് നിയമത്തിലെ 52(എ) ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല എന്ന ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു. ''ഹൈക്കോടതി പറഞ്ഞത് പ്രത്യാശ നല്കുന്ന കാര്യമാണ്. സാമാന്യനീതിയുടെ ലംഘനം ഈ വഖഫ് അവകാശവാദങ്ങള്‍ക്ക് പിന്നിലുണ്ട് എന്നതിന്റെയും ഇവിടുത്തെ ജനങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിയമപരമായി സാധുതയുള്ളതാണ് എന്നതിന്റെയും സാക്ഷ്യമാണ് കോടതിയുടെ പരാമര്‍ശം എന്നും കരുതുന്നു. കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന നീതിയുടെ വിജയത്തിന്റെ നാന്ദിയാണ് കോടതി വിധി എന്നു കരുതുന്നു. വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുമ്പോള്‍ മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്നതില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളില്ല. പക്ഷേ നിലവിലുള്ള വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ സാമാന്യ നീതിക്ക് നിരക്കാത്തതും നീതിയുടെ പ്രത്യക്ഷലംഘനവുമാണ് എന്ന് പറയാതെ നിവൃത്തിയില്ല. അത് തിരുത്തപ്പെടേണ്ടത് തന്നെയാണ് എന്ന് ഞങ്ങള്‍ കരുതുന്നത്.
സംസ്ഥാന വഖഫ് മന്ത്രി നല്ല മനുഷ്യനാണ്. പക്ഷേ ഈ ജനങ്ങള്‍ ദുഃഖകരമായ അവസ്ഥയില്‍ നടത്തുന്ന പ്രതികരണങ്ങളെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നതിനെയും വര്‍ഗീയമായ കണ്ണുകളോടെ കാണാന്‍ ശ്രമിച്ചോ എന്ന ആശങ്ക പൊതുസമൂഹത്തില്‍ ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടവരുത്തി. അതുവരെയും ഇതൊരു മതവിഷയമായല്ല, ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള നിലവിളിയുടെ വിഷയമായിട്ടാണ് എല്ലാവരും കരുതിയത്. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തിയെങ്കിലും പൊതുസമൂഹം ഇപ്പോഴും ഇത് ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള നിലവിളിയായിട്ടു തന്നെയാണ് മനസിലാക്കുന്നത്. അദ്ദേഹത്തിനുണ്ടായ ചില തെറ്റിദ്ധാരണകള്‍ കൊണ്ടോ അദ്ദേഹത്തെക്കൊണ്ട് ആരെങ്കിലും ഈ രീതിയില്‍ പറയിപ്പിച്ചതോ ആണ് എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ഭരണഘടനാപരമായ ഉത്തരാവാദിത്തം വഹിക്കുന്ന മന്ത്രിയില്‍ നിന്ന് അത്തരം പ്രസ്താവനകള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.
ന്യായമായ രീതിയിലൂടെ ഭൂമി സമ്പാദിച്ച്, അവിടെ എല്ലാ വ്യവസ്ഥകളും പാലിച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന ഒരു വ്യക്തിയേയും ഒരു കാരണത്തിന്റെ പുറത്തും കുടിയിറക്കാന്‍ പറ്റില്ല. സ്വകാര്യ ഭൂമിയില്‍ ആര്‍ക്കും ഏകപക്ഷീയമായ രീതിയില്‍ കയ്യേറ്റം നടത്താന്‍ അവകാശമില്ല എന്ന് വിരമിക്കുന്നതിനു മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ സുപ്രധാന വിധിയുണ്ട്. ഈ വിധി കൂടി മനസ്സില്‍ വച്ചുകൊണ്ട് പറയാന്‍ സാധിക്കുന്നത്, ഇപ്പോഴത്തേത് തികച്ചും അന്യായമായ നിലപാടാണ്. അത് ചാവക്കാടോ വയനാട്ടിലോ തളിപ്പറമ്പിലോ ആയിക്കോട്ടെ, കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ജാതിയോ മതമോ വര്‍ഗ, വര്‍ണ വ്യത്യാസങ്ങളോ കൂടാതെ ഈ പൊതുസമൂഹം ഉണ്ടാകും. അവര്‍ക്കൊപ്പം കത്തോലിക്ക സഭയും ഉണ്ടാകും. ഈ പ്രശ്നത്തെ വ്യാപകമാക്കിക്കൊണ്ട് എല്ലാവരേയും ഭീതിയുടെ നിഴലിലാഴ്ത്താമെന്ന് ആരും തെറ്റിദ്ധരിക്കുകയും വേണ്ട''മാര്‍ പാംബ്ലാനി പറഞ്ഞു.