അശ്വിനി കുമാര്‍ വധക്കേസില്‍ ഒരാള്‍ക്ക് മാത്രം ശിക്ഷയെന്ന് വിധിയില്‍ നടുക്കം; തുടക്കം മുതല്‍ അട്ടിമറി; അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കുമെന്ന് വത്സന്‍ തില്ലങ്കേരി; പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കെ സുരേന്ദ്രനും
അശ്വിനി കുമാര്‍ വധക്കേസില്‍ ഒരാള്‍ക്ക് മാത്രം ശിക്ഷയെന്ന് വിധിയില്‍ നടുക്കം
കണ്ണൂര്‍: അശ്വനി കുമാര്‍ വധക്കേസില്‍ 14 എന്‍ഡിഎഫ് ഭീകരരില്‍ 13 പേരെയും വെറുതെവിട്ട വിധി നടക്കുമുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. നിയമസംവിധാനത്തില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെങ്കിലും തികച്ചും നിരാശജനകമായ വിധിയാണ് ഉണ്ടായത്. മേല്‍ക്കോടതിയില്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കുമെന്നും തില്ലങ്കേരി പറഞ്ഞു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഒരു കേസില്‍ പോലും പ്രതിയാകാത്ത ആളാണ് അശ്വനി കുമാര്‍. സംഘടനാ നേതാവായത് കൊണ്ട് മാത്രമാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പട്ടാപ്പകല്‍ പായഞ്ചേരി ടൗണിന്റെ മദ്ധ്യത്തില്‍ ബസിനുള്ളിലാണ് കൊലപാതകം നടന്നത്. കൃത്യമായ സാക്ഷി മൊഴികള്‍ ഉണ്ടായിട്ടും ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 9 പേര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകത്തില്‍ ഒരാള്‍ക്ക് മാത്രം ശിക്ഷ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ടത്തില്‍ മാത്യു പോളികാര്‍പ്പിന്റെ അന്വേഷണം നേര്‍വഴിക്കായിരുന്നു. പിന്നീട് യുഡിഎഫ് ഗവണ്‍മെന്റിനെ എന്‍ഡിഎഫ് ക്രിമിനല്‍ സംഘം സ്വാധീനിച്ചാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടത്. അന്വേഷണത്തില്‍ പാളിച്ചയുണ്ടായെങ്കിലും വിചാരണ വേള സാക്ഷികള്‍ക്ക് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഒപ്പം എല്ലാം തെളിവുകളും ഹാജരാക്കാന്‍ സാധിച്ചു. എന്നിട്ടും ഇത്തരം ഒരു വിധി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്താണ്.
അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും ക്രൈംബ്രാഞ്ച് തയ്യാറായില്ല. അന്വേഷണ ഉദ്യോസ്ഥര്‍ പലതരത്തില്‍ സ്വാധീനക്കപ്പെട്ടെന്നും ഇത് തെളിവ് സഹിതം മേല്‍ക്കോടതിയില്‍ സ്ഥാപിക്കുമെന്നും വത്സന്‍ തില്ലങ്കേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാര്‍ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാന്‍ കാരണം.
പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകല്‍ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരവാദ സംഘടന നടത്തിയ കൊലപാതകമായിരുന്നു അശ്വിനിയുടേത്. എന്നാല്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടുമായി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. അശ്വിനികുമാറിന്റെ മാതാവ് കേസ് എന്‍ഐഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് എതിര്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ സത്യവാങ്മൂലത്തിലും എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തു. കുറ്റവാളികളെ രക്ഷിക്കുവാന്‍ വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് വ്യക്തമായത്. അങ്ങേയറ്റം നിരാശാജനകമായ വിധിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതി കണ്ടത്തിയത്. ചാവശേരി സ്വദേശി മര്‍ഷൂക്കി(38)നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രധാന സാക്ഷികളായ നാല് പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട ഒമ്പത് പ്രതികളെയും തിരിച്ചറിയുകയും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസമാണ് വാദം പൂര്‍ത്തിയായത്.
2005 മാര്‍ച്ച് പത്തിനായിരുന്നു സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാര്‍. ഇരിട്ടി പയഞ്ചേരി മുക്കില്‍ എത്തിയപ്പോള്‍ ബസിന്റെ മുന്‍പിലും പിറകിലും ബോംബേറുണ്ടായി. ഭീതിവിതച്ച് ഇരച്ചെത്തിയ എന്‍ഡിഎഫ് ക്രിമിനലുകള്‍ ബസില്‍ ഇരിക്കുകയായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് പ്രതികള്‍ ആക്രമണം നടത്തിയത്. എന്‍ഡിഎഫ് ക്രിമിനലുകളില്‍ 4 പേര്‍ ബസിനുള്ളിലും മറ്റുള്ളവര്‍ ജീപ്പിലുമെത്തിയായിരുന്നു ആക്രമണം. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമായിരുന്നും കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ല്‍ തുടങ്ങിയ വിചാരണ ആറുവര്‍ഷത്തോളം നീണ്ടു. കൊല നടന്ന് 19 വര്‍ഷങ്ങള്‍ക്കൊടുവിലാണ് ഇന്ന് വിധി വന്നത്.