'എത്ര ക്ലാരിറ്റിയോടാണ് അയാള്‍ സംവദിച്ചത്; ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് ': അബിന്‍ വര്‍ക്കിയെ പിന്തുണച്ച് കെ പി സി സി സെക്രട്ടറി ബി ആര്‍ എം ഷെഫീറിന്റെ പോസ്റ്റ്; പണി പാളിയെന്ന് മനസ്സിലായപ്പോള്‍ പോസ്റ്റ് മുക്കി

പോസ്റ്റ് മുക്കി ബി ആര്‍ എം ഷെഫീര്‍

Update: 2025-10-14 09:43 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അബിന്‍ വര്‍ക്കിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍, മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്ന ആഗ്രഹം അബിന്‍ വര്‍ക്കി രാവിലെ മാധ്യമങ്ങളോട് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഷെഫീര്‍ പിന്തുണ പ്രകടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളോടും ഇക്കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് അബിന്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ പുനഃസംഘടനയിലാണ് അബിന്‍ വര്‍ക്കിക്ക് എതിര്‍പ്പുണ്ടായത്. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രാഹുലിന് പകരം രണ്ടാമത് കൂടുതല്‍ വോട്ടുകള്‍ നേടിയ അബിന്‍ വര്‍ക്കിക്ക് നറുക്ക് വീഴുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒ.ജെ. ജനീഷിനെ പുതിയ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതോടെയാണ് അബിന്‍ വര്‍ക്കി തന്റെ അതൃപ്തി പരസ്യമാക്കിയത്.

അബിന്‍ വര്‍ക്കി വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ബി.ആര്‍.എം. ഷെഫീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'എത്ര ക്ലാരിറ്റിയോടെയാണ് അയാള്‍ സംവദിച്ചത്' എന്ന് തുടങ്ങിയ കുറിപ്പില്‍, 'എന്നെ വെട്ടി മുറിച്ചാല്‍ വരുന്നത് ചുവന്ന ചോരയല്ല, ത്രിവര്‍ണ്ണമാണ്. ഞാന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. മരണം വരെ പാര്‍ട്ടിയോടൊപ്പം' എന്ന അബിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് എന്നും ഷെഫീര്‍ കുറിച്ചു. എന്നാല്‍, പോസ്റ്റ് ചെയ്തതിന് നിമിഷങ്ങള്‍ക്കകം തന്നെ ഈ കുറിപ്പ് പിന്‍വലിക്കുകയായിരുന്നു.

ഒന്നര മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം നിലവില്‍ വന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1,70,000 വോട്ടുകള്‍ അബിന്‍ വര്‍ക്കി നേടിയിരുന്നു. സംഘടനയില്‍ മണ്ഡലം സെക്രട്ടറി മുതല്‍ സംസ്ഥാന ഉപാധ്യക്ഷന്‍ വരെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള താന്‍, രാഹുല്‍ ഗാന്ധി കൊണ്ടുവന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കടന്നുവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അബിന്‍ വര്‍ക്കിയുടെ അതൃപ്തി പ്രകടനം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംഘടനയിലെ ഭിന്നതകള്‍ കൂടുതല്‍ ശക്തമാകുമോ എന്ന ആശങ്കകളും നിലവിലുണ്ട്.

Tags:    

Similar News