പാലക്കാട്ടെ പരാജയം പഠിച്ച് നന്നാവാന്‍ ബിജെപി; റിപ്പോര്‍ട്ട് കിട്ടിയ ശേഷം അടുത്ത മാസം വിലയിരുത്തല്‍; നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്ന് പി കെ കൃഷ്ണദാസും എം ടി രമേശും എ എന്‍ രാധാകൃഷ്ണനും; അവര്‍ ഒരുഗ്രൂപ്പല്ല ബിജെപി എന്ന ഒറ്റ ഗ്രൂപ്പേ ഉള്ളുവെന്നും വിശദീകരിച്ച് അദ്ധ്യക്ഷന്‍

പാലക്കാട്ടെ പരാജയം പഠിച്ച് നന്നാവാന്‍ ബിജെപി

Update: 2024-11-26 15:33 GMT

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം ബിജെപി പഠിച്ച് വിലയിരുത്തും. ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന പാലക്കാട്, തൃശൂര്‍, വയനാട് ജില്ലാ പ്രസിഡന്റുമാര്‍ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം 7, 8 തീയതികളില്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തില്‍ കെ സുരേന്ദ്രന്‍ നിലപാടെടുത്തു. ഡിസംബര്‍ 7, 8 തീയതികളില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കും.

മുതിര്‍ന്ന നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എന്‍. രാധാകൃഷ്ണനും പങ്കെടുക്കാത്തതിലും സുരേന്ദ്രന്‍ വിശദീകരണം നല്‍കി.യോഗത്തില്‍ 14 പേര്‍ പങ്കെടുത്തെന്നും എം.ടി. രമേശും കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും ഒരു ഗ്രൂപ്പല്ലെന്നും അവര്‍ക്ക് ബിജെപി എന്ന ഒറ്റ ഗ്രൂപ്പേ ഉള്ളൂ എന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ യോഗത്തിലും അഞ്ച് ശതമാനത്തോളം ആളുകള്‍ വരാറില്ല. രാജ്യത്ത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ യോഗങ്ങളില്‍ നൂറ് ശതമാനം ആളുകള്‍ വരാറുണ്ടോ? പാര്‍ലമെന്റ് നടക്കുമ്പോള്‍ പോലും നൂറ് ശതമാനം ആളുകള്‍ വരില്ല-സുരേന്ദ്രന്‍ പറഞ്ഞു. എം.ടി. രമേശും കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും ഒരു ഗ്രൂപ്പാണെന്ന് നിങ്ങള്‍ ആക്ഷേപിക്കുകയാണ്. അവരാരും ഗ്രൂപ്പിന്റെ ഭാഗമല്ല. അവര്‍ക്ക് ഒറ്റ ഗ്രൂപ്പാണുള്ളത്. അത് ബിജെപിയാണ്, സുരേന്ദ്രന്‍ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ജില്ലകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വിശദമാക്കി.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. ഞങ്ങള്‍ക്ക് വ്യക്തമായ പ്രക്രിയയുണ്ട്. മാധ്യമങ്ങളിലെ വാര്‍ത്തയ്ക്ക് സത്യസന്ധതയുടെ അംശമില്ല. പാര്‍ട്ടിപ്രവര്‍ത്തകരുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം, മാധ്യമപ്രവര്‍ത്തകര്‍ എന്തിനാണ് ഇടപെടുന്നത്? ബിജെപിക്കെതിരെ പെയ്ഡ് വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം വാര്‍ത്തകളില്‍ വന്നപോലെ ശോഭാ സുരേന്ദ്രന്‍ ആഞ്ഞടിക്കുകയോ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ബിജെപിക്കകത്ത് ആഭ്യന്തര യുദ്ധമില്ല. മാധ്യമങ്ങള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മര്യാദക്കേടാണ്. മറ്റൊരു പാര്‍ട്ടിയോടും അങ്ങനെ ചെയ്യുന്നില്ല. ഗോവിന്ദനോടോ സുധാകരനോടോ നിങ്ങളങ്ങനെ ചോദിക്കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം, സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാന നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയായത്. കൃഷ്ണദാസ് പക്ഷത്തെ രണ്ടാംനിര നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനും യോഗത്തിനെത്തി.

Tags:    

Similar News