കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശേഷിയുണ്ടോ? കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണ; രാജീവ് ചന്ദ്രശേഖര്‍
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശേഷിയുണ്ടോ?
തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സര്‍ക്കാരിന് ഉണ്ടോയെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തെല്ലാം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്ന് അത് പിന്നീട് വിശദീകരിക്കാമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സി.പി.എം തങ്ങളുടെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സര്‍ക്കാര്‍ എന്താണ് കേരളത്തിന് വേണ്ടിയ ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
കേരളത്തിന് ലഭിച്ച റെയില്‍വേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ബജറ്റിലെ കാര്യങ്ങള്‍ കൃത്യമായി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക തയ്യാറാണെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ആദ്യഘട്ട പട്ടികയില്‍ തീരുമാനമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.