പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് വാച്ച് ആന്റ് വാര്‍ഡ്; സഭയില്‍ ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ? ഇതില്‍ പ്രതിഷേധിച്ചാണ് ഡയസിലേക്ക് കയറിയത്; ജനാധിപത്യ രീതിയില്‍ തന്നെയാണ് തങ്ങള്‍ പ്രതിഷേധിച്ചത്: വി ഡി സതീശന്റെ വിശദീകരണം ഇങ്ങനെ

പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് വാച്ച് ആന്റ് വാര്‍ഡ്; സഭയില്‍ ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ?

Update: 2026-02-03 12:02 GMT

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഇന്ന് രേഖപ്പെടുത്തിത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുറ്റപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. പ്രതിപക്ഷം നടത്തളത്തില്‍ ഇറങ്ങുന്നത് ഇതാദ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബഹളമുണ്ടായാല്‍ സ്പീക്കര്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചര്‍ച്ചക്ക് വിളിക്കുന്നതാണ് സഭയിലെ കീഴ് വഴക്കം. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ ചര്‍ച്ചക്ക് വിളിക്കുന്നില്ല. പകരം വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ബാനറുകള്‍ പിടിച്ചെടുക്കുകയാണെന്നും എന്നിട്ടും പ്രതിപക്ഷം അക്രമമുണ്ടാക്കിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഒരു കാലത്തും ഉണ്ടാകാത്ത വിധം വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിഷേധക്കാരുടെ ബാനര്‍ വലിച്ചു മാറ്റുകയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡയസിലേക്ക് കയറിയത്. ജനാധിപത്യ രീതിയില്‍ തന്നെയാണ് തങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തെ പ്രകോപിച്ചത് വാച്ച് ആന്‍ഡ് വാര്‍ഡുമാരാണ്. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് തവണ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷമാണ് തങ്ങളുടേത്.

ഏറ്റവും കൂടുതല്‍ ഇറങ്ങിയവരാണ് ഇപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍. സഭയില്‍ ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ പിണറായി വിജയന്‍ ഇരിക്കുന്ന സീറ്റിന് മുന്നില്‍ പ്ലക്കാര്‍ഡ് വച്ചിരിക്കുന്ന ഫോട്ടോ താന്‍ കാണിച്ചു തരാം. ജനാധിപത്യപരമായി നടുത്തളത്തലിറങ്ങി പ്രതിഷേധിക്കാത്ത ഏത് പ്രതിപക്ഷമാണ് നിയസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നിട്ടാണ് ആദ്യമായി സംഭവിക്കുന്നതു പോലെ പറയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കൊള്ള വിഷയത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ നീക്കങ്ങളാണ് നിയമസഭ സ്തംഭിപ്പിക്കും വിധത്തില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വഴിമാറിയത്. പ്രതിപക്ഷമുയര്‍ത്തിയ ബാന്നര്‍ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയതാണ് പ്രകോപനത്തിന് കാരണം. അന്‍വര്‍ സാദാത്ത്, മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്പീക്കര്‍ രണ്ട് വട്ടം സഭ നിര്‍ത്തിവെച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. പിന്നാലെ സഭ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഫലത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും അലങ്കോലമായി. അതേ സമയം പ്രതിപക്ഷമില്ലാതെ ബജറ്റ് ചര്‍ച്ച തുടരുകയും ചെയ്തു.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെക്കെത്തി ബാനര്‍ പിടിച്ച് മുദ്രാവാക്യം മുഴക്കി. 'സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്ന ബാനര്‍ ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെയും ചോദ്യോത്തരവേള തുടര്‍ന്നു.

കാഴ്ചമറച്ച് പിടിച്ച ബാനര്‍ മാറ്റണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടരവെ ബാനര്‍ പിടിച്ചു വാങ്ങാന്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ശ്രമിച്ചുവെങ്കിലും ഇതിനെ പ്രതിപക്ഷാംഗം റോജി എം. ജോണ്‍ ചെറുത്തതോടെ പിന്‍വാങ്ങി. ഈ സമയം ഭരണപക്ഷവും ഇരിപ്പിടം വിട്ടെഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് അഭിമുഖമായി നിന്ന് മുദ്രാവാക്യം മുഴക്കി.

ഇതിനിടെ അന്‍വാര്‍ സാദത്ത്, നജീബ് കാന്തപുരം, സനീഷ് കുമാര്‍ ജോസഫ്, ടി.വി. ഇബ്രാഹിം എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഉന്തിനും തള്ളിനുമിടിയില്‍ അന്‍വര്‍ സാദാത്ത് ഡയസിലേക്ക് കടന്നതോടെ സ്പീക്കര്‍ ഡയസ് വിട്ട് അകത്തേക്ക് പോവുകയായിരുന്നു. സാധാരണ സഭനിര്‍ത്തിവച്ചതായി അറിയിച്ച ശേഷമാണ് സ്പീക്കര്‍ ഇത്തരം സന്ദര്‍ശങ്ങളില്‍ ഇരിപ്പിടം വിടാറുള്ളത്.

പത്തിന് വീണ്ടും സഭ ചേര്‍ന്നതോടെ സാഹചര്യങ്ങള്‍ പൂര്‍വാധികം പ്രക്ഷുബ്ധം. യു. പ്രതിഭ സബ്മിഷന്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറിന് മുന്നില്‍ ഉയര്‍ത്തിയ ബാനര്‍ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ച് വലിച്ചെടുത്തു. ബാനറിന്റെ ഒരറ്റത്ത് പിടിവിടാതിരുന്ന പി.സി. വിഷ്ണുനാഥിനെയും വലിച്ചു നീക്കി. ഇതോടെയാണ് അന്‍വര്‍ സാദാത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നതും പിന്നാലെ സ്പീക്കര്‍ ഇരിപ്പിടം വിട്ടതും. ശേഷം മാത്യു കുഴില്‍നാടനും ഡയസിലേക്ക് വലിഞ്ഞുകയറിയത്.

Tags:    

Similar News