ജോസഫ് ഇടയുന്നു.. മകന്‍ അപുവിന് പോലും ഉറച്ച സീറ്റില്ല; ലീഗിന് അധിക സീറ്റ് വേണ്ട; കോണ്‍ഗ്രസിന്റെ 'സാമുദായിക സന്തുലിതാവസ്ഥ' തകരില്ല; തിരുവമ്പാടിയില്‍ സിപി ജോണ്‍ മത്സരിക്കും; സികെ ജാനുവിന് സീറ്റില്ല; ദേവരാജനും പ്രചരണത്തില്‍ ഒതുങ്ങേണ്ടി വരും; യുഡിഎഫില്‍ പ്രതിസന്ധി കേരളാ കോണ്‍ഗ്രസ് ജോസഫിന് മാത്രം; പി.ജെ കടുത്ത നിലപാട് എടുത്തേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുന്നണിക്കുള്ളില്‍ വടംവലി മുറുകുന്നു. സി.എം.പി. നേതാവ് സി.പി. ജോണിനായി കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് വിട്ടുനല്‍കാന്‍ മുസ്ലീം ലീഗുമായി ഏകദേശ ധാരണയായി. സി.പി. ജോണിന്റെ വിജയസാധ്യതയും മുന്നണി ബന്ധവും പരിഗണിച്ചാണ് ലീഗ് ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തിരുവമ്പാടി വിട്ടുനല്‍കുന്നതോടെ തിരുവനന്തപുരം സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വരുമെന്ന് ഉറപ്പായി.
എന്നാല്‍, മധ്യകേരളത്തില്‍ പി.ജെ. ജോസഫിന്റെ കടുംപിടിത്തം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഏറ്റുമാനൂര്‍, ഇടുക്കി, കോതമംഗലം, കുട്ടനാട് (അല്ലെങ്കില്‍ ചങ്ങനാശ്ശേരി) എന്നീ സീറ്റുകള്‍ തിരിച്ചെടുക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയതോടെ ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിമുട്ടി. ഇത് മുന്നണിയില്‍ അനിശ്ചിതത്വമായി.
ജോസഫ് മുന്നണി വിട്ടാലും കുഴപ്പമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജോസഫിനെ ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറുമാണ്. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച ശരിയായ ദിശയില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ജോസഫിന്റെ മുന്നണി മാറ്റ സാധ്യത കൂടുതലാണ്. ജോസഫിന്റെ മകന്‍ അപുവിന് പോലും മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നുണ്ട്. അപുവിന് ഉറച്ച സീറ്റുകളില്‍ ഒന്ന് കിട്ടിയാല്‍ ആറു സീറ്റ് കൊണ്ട് ജോസഫ് വിഭാഗം തൃപ്തിപ്പെടും.
ലീഗുമായി നടത്തിയ ചര്‍ച്ചകളില്‍ വലിയ തര്‍ക്കങ്ങളില്ലാതെ ധാരണയിലെത്താന്‍ കോണ്‍ഗ്രസിനായി. കഴിഞ്ഞ തവണത്തെ 27 സീറ്റുകള്‍ (സ്വതന്ത്രരുടേതടക്കം) ലീഗിന് നല്‍കാനാണ് ഏകദേശ തീരുമാനം. ലീഗ് 30 സീറ്റ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലീഗിന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നുവെന്ന ചര്‍ച്ച ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമായിരുന്നു. സമുദായ സമവാക്യങ്ങളെ പോലും അത് ബാധിക്കുമെന്ന വിലയിരുത്തല്‍ എത്തി. ഈ സാഹചര്യത്തിലാണ് 30 സീറ്റെന്ന കടുംപിടിത്തം ലീഗ് ഉപേക്ഷിക്കുന്നത്. ഇത്തവണ ചുരുങ്ങിയത് 22 സീറ്റിലെങ്കിലും ജയിക്കാനാണ് ലീഗ് ശ്രമം.
എന്നാല്‍ സി.കെ. ജാനുവിനും ഫോര്‍വേഡ് ബ്ലോക്കിനും ഇത്തവണ സീറ്റില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അപ്രധാന കക്ഷികള്‍ക്ക് സീറ്റ് നല്‍കി വിജയസാധ്യത ഇല്ലാതാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന യുഡിഎഫ് ജാഥയ്ക്ക് മുന്‍പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പ് തിരിച്ചടിയായി. ഡിസിസി പ്രസിഡന്റുമാരുമായും സര്‍വ്വേ റിപ്പോര്‍ട്ടുകളുമായും കെപിസിസി നേതൃത്വം ചര്‍ച്ചകള്‍ തുടരുകയാണ്. സിറ്റിംഗ് എംഎല്‍എമാരുടെ പട്ടിക ആദ്യഘട്ടത്തില്‍ തന്നെ പ്രഖ്യാപിക്കാനാണ് എഐസിസി ആലോചിക്കുന്നത്.
പി.ജെ. ജോസഫിന്റെ കാര്യത്തില്‍ വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെയും നിലപാട്. വരും ദിവസങ്ങളില്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് യുഡിഎഫ് ശ്രമം. ഇതിന് ജോസഫ് തയ്യാറാകുമോ എന്നതാണ് നിര്‍ണ്ണായകം. ജോസഫിന് രാജ്യസഭാ സീറ്റ് വാഗ്ദാനം നല്‍കി തണുപ്പിക്കാമെന്ന ആലോചന കോണ്‍ഗ്രസിലുണ്ട്. മുസ്ലീം ലീഗ് എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
