പാലക്കാട് മത്സരിക്കുമോ എന്ന് ചോദ്യം; ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി; പാര്‍ട്ടി എന്ത് ഉത്തരവാദിത്തം നല്‍കിയാലും അത് അനുസരിക്കും; മരണം വരെ കോണ്‍ഗ്രസ്സുകാരന്‍; പാര്‍ട്ടി പുറത്താക്കിയതില്‍ സങ്കടം; മാങ്കൂട്ടം വീണ്ടും പാലക്കാട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനോ?
പാര്‍ട്ടി പുറത്താക്കിയതില്‍ സങ്കടം; മാങ്കൂട്ടം വീണ്ടും പാലക്കാട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനോ?
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. പാലക്കാട് സീറ്റില്‍ ആര് മത്സരിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. സന്ദീപ് വാര്യര്‍, ഡിസിസി അധ്യക്ഷന്‍ തങ്കപ്പന്‍, രമ്യ ഹരിദാസ്, കണ്ണന്‍ ഗോപിനാഥന്‍ തുടങ്ങിയ പല പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍, താന്‍ മത്സരിക്കില്ലെന്ന് പറയാന്‍ ഇന്ന് ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായില്ല.
പാലക്കാട് മത്സരിക്കുമോ എന്ന് ഹാഷ്മിയുടെ ചോദ്യത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് രാഹുല്‍ നല്‍കിയ മറുപടി. അതേസമയം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ വിഷമം ഉണ്ടെന്നും രാഹുല്‍ പറഞ്ഞു. താന്‍ മരണം വരെ കോണ്‍ഗ്രസ്സുകാരനായി തുടരുമെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ വലിയ വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടി എന്ത് ഉത്തരവാദിത്തം നല്‍കിയാലും അത് അനുസരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്നെ പുറത്താക്കിയത്, തന്റെ മനസ്സില്‍ നിന്നും പാര്‍ട്ടിയെ പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞ് രാഹുല്‍ കോണ്‍ഗ്രസുകാരുടെ മനസ്സ് പിടിക്കാനുള്ള ശ്രമവും നടത്തി.
തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വത്തിന് സാധിക്കുമെങ്കിലും, തന്റെ ഉള്ളിലെ കോണ്‍ഗ്രസ്സിനെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ല. ജീവിതാവസാനം വരെ താനൊരു കോണ്‍ഗ്രസ്സുകാരനായി തന്നെ തുടരും. ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തതില്‍ സങ്കടമുണ്ട്. ഒരു പാര്‍ട്ടിക്കാരനെ സംബന്ധിച്ചിടത്തോളം സംഘടനയുടെ ഭാഗമല്ലാതെ പുറത്തുനില്‍ക്കേണ്ടി വരുന്നത് വലിയ ശിക്ഷയാണെന്നും രാഹുല്‍ വികാരാധീനനായി പറഞ്ഞു.
തന്നോട് ഇപ്പോഴും ജനങ്ങളുടെ സ്‌നേഹമുണ്ടെന്ന് പറഞ്ഞു വെക്കാനും രാഹുല്‍ തയ്യാറായി. ഒരു മറുപടിയും പറയാതെ നിശബ്ദനായി ഇരുന്നിട്ടും തന്നെ സ്‌നേഹിക്കുന്ന നിരവധി പേരുണ്ട്. അമ്മമാരും മറ്റ് സാധാരണക്കാരും തനിക്ക് വേണ്ടി വഴിപാടുകള്‍ നടത്തുന്നതും കത്തുകള്‍ അയക്കുന്നതും കാണുമ്പോള്‍ വലിയ കുറ്റബോധം തോന്നുന്നുണ്ടെന്ന് രാഹുല്‍ വെളിപ്പെടുത്തി. കുറ്റസമ്മതമില്ല: താന്‍ യാതൊരുവിധ ക്രൈമും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങള്‍ ദൂരീകരിച്ച ശേഷം മാത്രമേ വോട്ട് ചോദിക്കാന്‍ തനിക്ക് അര്‍ഹതയുള്ളൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും. തന്റെ വ്യക്തിപരമായ വിഷമങ്ങളേക്കാള്‍ വലുത് കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുക എന്ന പാര്‍ട്ടിയുടെ ലക്ഷ്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. വി ഡി സതീശനെ കാണാന്‍ ശ്രമിച്ചിട്ടില്ല, നടപടിക്ക് മുന്‍പ് സതീശന്‍ തന്നെ കേള്‍ക്കാത്തതില്‍ സങ്കടമുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്റെ വിഷയമുണ്ടായതിന് ശേഷം ആദ്യമായൊരു മാര്‍ച്ച് നടക്കുന്നത് വിഡി സതീശന്റെ ഓഫീസിലേക്കാണ്. വിഡി സതീശന്‍ എന്നെ സംരക്ഷിക്കുന്നു എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന് എന്തെങ്കിലും ബോധ്യങ്ങളുണ്ടെങ്കില്‍ സംസാരിക്കാനും എന്റെ ഭാഗം പറയാനും തയാറാണ്. അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടില്ല. എനിക്കെതിരെ ഗൂഢാലോചന കോണ്‍ഗ്രസിന് പുറത്ത് നിന്നായിരിക്കുമല്ലോ കൂടുതല്‍ നടക്കുക രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാര്‍മികതകളൊക്കെ വച്ച് പുലര്‍ത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലില്‍ കിടത്തിയേ അടങ്ങൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് മൂന്നാമത്തെ പരാതി ഉണ്ടായത് രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിമുഖത്തില്‍ പറഞ്ഞു.
അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ല. അതേസമയം താന്‍ തെറ്റുകാരനല്ലന്നും പാര്‍ട്ടി പറയുന്നത് എന്തും അനുസരിക്കുമെന്നും പറഞ്ഞ് അണികളെ കൂടെ നിര്‍ത്താനുള്ള ശ്രമവും രാഹുലില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇത് മാങ്കൂട്ടം വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണോ എന്ന ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ്. അതേസമയം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചു കയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാഹുലിന്റെ നീക്കമെന്നും സൂചനയുണ്ട്.
അതേസമയം മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ പകരക്കാരന്‍ ആരാകുെന്നതില്‍ കോണ്‍ഗ്രസില്‍ അന്തിമ തീരുമാനംആയിട്ടില്ല. മൂന്നാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നുണ്ട്. അതേസമയം മത്സരിച്ചില്ലെങ്കിലും പ്രചാരണത്തില്‍ രാഹുല്‍ നിറഞ്ഞു നില്‍ക്കും. പക്ഷെ ജാമ്യത്തിലിറങ്ങിയാലും രണ്ട് വര്‍ഷത്തിന് മേലെ ശിക്ഷ ലഭിച്ചാല്‍ അംഗത്വം നഷ്ടപ്പെടും. രാഹുല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന വിധത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇതിനിടെയാണ് അറസ്റ്റിലായത്. ഇതോടെ രാഹുലിന്റെ ഇഫക്ട് മറികടക്കുന്നയാളിനെ കോണ്‍ഗ്രസിന് വേണം.
രാഹുല്‍ വിവാദം മറികടക്കാന്‍ കെ. മുരളീധരന് കഴിയുമോ എന്ന ആലോചന അടക്കമുണണ്ട്. എന്നാല്‍ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെങ്കില്‍ പാലക്കാട് മത്സരരംഗത്തിറക്കാന്‍ ഡിസിസി ആലോചിക്കുന്നുണ്ട്. മറ്റൊരു പേര് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടേതാണ്. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ് സന്ദീപ് എന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു. അതേസമയം സര്‍പ്രൈസ് സ്ഥാനാര്‍ഥിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ പേരുമാണ് ചര്‍ച്ചകളില്‍. എന്നാല്‍, രാഹുല്‍ ഫാക്ടര്‍ എങ്ങനെയാകും മണ്ഡലത്തെ ബാധിക്കുക എന്നതാണ് അറിയേണ്ട കാര്യം.
