തുഷാറിന്റേത് 'ദിവാസ്വപ്നം', എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യമെന്ന അധ്യായം എന്നെന്നേക്കുമായി അടഞ്ഞു; രാഷ്ട്രീയ അജണ്ടകളില്‍ വീഴാനില്ലെന്ന് സുകുമാരന്‍ നായര്‍; പെരുന്നയില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ തുഷാര്‍ വെള്ളാപ്പള്ളി; ഐക്യ ചര്‍ച്ചകള്‍ തുടരുമെന്ന് ബിഡിജെഎസ്
തുഷാറിന്റേത് 'ദിവാസ്വപ്നം'
ചങ്ങനാശേരി: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യമെന്ന സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ജി. സുകുമാരന്‍ നായരുടെ കടുത്ത നിലപാട്. തുഷാര്‍ വെള്ളാപ്പള്ളി പ്രകടിപ്പിച്ച ഐക്യസാധ്യതകളെ പൂര്‍ണ്ണമായും തള്ളിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി, ഈ അധ്യായം എന്നെന്നേക്കുമായി അടഞ്ഞുവെന്ന് വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഐക്യനീക്കങ്ങളോട് സഹകരിക്കാനില്ലെന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനമാണ് സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
'ഹിന്ദുഐക്യത്തില്‍ ഞങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളോടും സൗഹാര്‍ദ്ദം തുടരും. അത് എന്‍എസ്എസിന്റെ നയമാണ്. ഐക്യത്തില്‍ രാഷ്ട്രീയക്കളിയുണ്ട്. അതിനാല്‍ ഞങ്ങള്‍ ഐക്യത്തിനില്ല'. സുകുമാരന്‍ നായര്‍ പറഞ്ഞു
'എന്‍എസ്എസ്സിന്റെ രണ്ടു നയങ്ങളാണുള്ളത്. ഒന്ന്: എല്ലാ സമുദായവുമായും മതങ്ങളുമായും സൗഹാര്‍ദ്ദം തുടരും. രണ്ട്: രാഷ്ട്രീയമായി ഞങ്ങള്‍ സമദൂരക്കാരാണ്, അതിനാല്‍ രാഷ്ട്രീയ പക്ഷമുള്ളവരുമായി സഖ്യവും ഐക്യവും സാധിക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ഞാന്‍ അങ്ങോട്ടുവരാം എന്നാണ്, രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമില്ല. എന്‍എസ്എസ് ഒരു പാര്‍ട്ടിക്കും എതിരുമല്ല. ഐക്യത്തിന്റെ മുന്നോട്ടുള്ള പോക്ക് കണ്ടപ്പോള്‍ എന്‍എസ്എസിന് നയങ്ങള്‍ നടക്കില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ഐക്യ നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം കൊടുത്തതില്‍ ഒരു വിരോധവും ഇല്ല. അവര്‍ക്ക് ചില അജണ്ട ഉണ്ട്. അതില്‍ വീഴാന്‍ എന്‍എസ്എസിന് താല്‍പര്യമില്ല. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് ഒരു താല്പര്യങ്ങള്‍ ഇല്ല. സമുദായ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. വി ഡി സതീശനുമായുള്ള കാര്യങ്ങള്‍ രാഷ്ട്രീയ നിലപാട് ആയി കാണേണ്ടതില്ലെന്നും സതീശനോടുള്ള വിരോധം വ്യക്തിപരമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അത് കോണ്‍ഗ്രസിനോടുള്ള ആകെ വിരോധമായി കാണണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന കിട്ടിയില്ല. മറ്റുള്ളവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ കൊടുക്കുമ്പോള്‍ കേരളത്തിന് ഒന്നും കിട്ടുന്നില്ല. കേരളത്തിന് കൂടുതല്‍ പരിഗണന കിട്ടണമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
പ്രതീക്ഷ കൈവിടാതെ തുഷാര്‍
സുകുമാരന്‍ നായര്‍ വാതിലുകള്‍ കൊട്ടിയടക്കുമ്പോഴും പ്രതീക്ഷയുടെ കവാടം തുറന്നിടാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ശ്രമം. ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്നും എസ്എന്‍ഡിപി എന്‍എസ്എസുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചു. എന്റെ പിതാവിനെ പോലെ ബഹുമാനിക്കുന്നയാളാണ് സുകുമാരന്‍ നായര്‍. മറ്റു സമുദായ സംഘടനകളുമായുള്ള ചര്‍ച്ചയും സഹകരണവും രണ്ടാഴ്ചക്കുള്ളില്‍ നടക്കും.
സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയായെന്നും ബിഡിജെഎസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സീറ്റുകള്‍ വിട്ടു നല്‍കുകയോ വെച്ചു മാറുകയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞു എന്ന വാദം ശരിയല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
