ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല; ബി.ഡി.ജെ.എസിനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് സി പി ജോണ്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകള്‍
ജമാത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മുന്നണി വിപുലീകരണത്തിന് വഴിമിരുന്നിടുന്ന ചര്‍ച്ചകളുമായി യുഡിഎഫ് നേതാക്കള്‍. പിന്നോക്ക സംഘടനയായ ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് വരണമെന്ന് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടായെന്ന വിധത്തില്‍ കെ മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് സി ജോണും രംഗത്തുവന്നത്.
ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരം ഇതു ബി.ഡി.ജെ.എസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നോക്കക്കാര്‍ സംവരണം വേണ്ടെന്ന ബി.ജെ.പിയുടെ നിലപാടിനെ എതിര്‍ക്കണം. ജാതി സെന്‍സ് ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ് അംഗീകരിക്കുന്നത്. പിന്നോക്കക്കാര്‍ക്ക് എതിരെ നില്‍ക്കുന്ന അമിത് ഷായുമായി മുന്നണിയില്‍ ഇരിക്കണോയെന്ന് ബി.ഡി. ജെ. എസിനെ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ അംഗങ്ങള്‍ ചിന്തിക്കണമെന്നും സി.പി. ജോണ്‍ പറഞ്ഞു.
ന്യുനപക്ഷ സംഘടനകളായ ജമാത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരമാവുന്നതെന്ന് സി.പി ജോണ്‍ പറഞ്ഞു. പാക്കിസ്ഥാനിലും ബംഗ്‌ളാദേശിലുമൊക്കെ ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടം. ഇന്ത്യയില്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയാണ്. അവരോളം അപകടകരമല്ല ന്യൂനപക്ഷ വര്‍ഗീയത.
ന്യൂനപക്ഷങ്ങള്‍ മതതീവ്രവാദത്തിലേക്ക് കൂടുതല്‍ പോകാതിരിക്കാന്‍ മതേതര ചേരിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഈ അര്‍ത്ഥത്തിലാണ് ജമാത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി യുടെയും പിന്‍തുണ തേടുന്നതില്‍ തെറ്റില്ലെന്ന് സി.എം.പി പറയുന്നതെന്ന് സി.പി ജോണ്‍ വ്യക്തമാക്കി. ബി.ജെ.പി ശക്തിയുള്ള സ്ഥലങ്ങളില്‍ യു.ഡി.എഫിന് ക്ഷീണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചേലക്കരയില്‍ സി.പി.എം ജയിച്ചത് ബി.ജെ.പി മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ചതുകൊണ്ടാണെന്നും സി.പി ജോണ്‍ പറഞ്ഞു. അടുത്ത ഭരണം യു.ഡി.എഫിന് ലഭിക്കണമെങ്കില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നും മലബാറിലെ പോലയല്ല തിരുവിതാംകൂറെന്നും സി.പി ജോണ്‍ പറഞ്ഞു.
നേരത്തെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നാണ് മുരളീധരന്‍ വെളിപ്പെടുത്തിയത്. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്നും മുരളീധരന്‍ വ്യക്തമാക്കി.
2019 മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ദേശീയ നയമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്. ഇതേ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്നാട്ടില്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറയുന്നു.
സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാര്‍. സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ട്. സാധാരണ ഗതിയില്‍ എന്‍എസ്എസിന്റെ ചടങ്ങില്‍ കൂടുതലായും കോണ്‍ഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലയൂര്‍ പള്ളിയില്‍ നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.