'മുന്നണി നിന്നും നിരന്തരം അവഗണന നേരിട്ടു, ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തളർത്തി'; സി.കെ. ജാനു എൻ.ഡി.എ വിട്ടു; മറ്റു രാഷ്ട്രീയ മുന്നണികളുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്
കോഴിക്കോട്: സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) എൻ.ഡി.എ മുന്നണി വിട്ടു. മുന്നണിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ടെന്നും ഇത് പ്രവർത്തകരെ വേദനിപ്പിച്ചെന്നും സി.കെ. ജാനു ആരോപിച്ചു. ഇതേത്തുടർന്നാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ വിടാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.
കോഴിക്കോട്ട് ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗമാണ് എൻ.ഡി.എയിൽ നിന്ന് പുറത്തുപോകാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്. മറ്റു രാഷ്ട്രീയ മുന്നണികളുമായി സഹകരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് സി.കെ. ജാനു അറിയിച്ചു. നിലവിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. മുന്നണി മര്യാദകൾ പാലിക്കപ്പെട്ടില്ലെന്നും ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തളർത്തിയെന്നും സി.കെ. ജാനു പറഞ്ഞു. ഈ സാഹചര്യത്തിലാണ് എൻ.ഡി.എയിൽ തുടരുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് സി.കെ. ജാനു എൻ.ഡി.എയുടെ ഭാഗമായത്. അന്ന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്ഥാനാർഥിയായി അവർ മത്സരിച്ചിരുന്നു. പിന്നീട് 2018ൽ ബി.ജെ.പി അവഗണിക്കുന്നെന്ന് ആരോപിച്ച് എൻ.ഡി.എ വിട്ടെങ്കിലും 2021ൽ വീണ്ടും മുന്നണിയിൽ തിരിച്ചെത്തുകയായിരുന്നു.