കുറ്റ്യാടിയിലേത് 'സ്‌നേഹ തള്ളല്‍', ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല; മാധ്യമങ്ങള്‍ സിപിഎം സൈബര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കരുത്; യാത്രയുടെ പോസിറ്റിവിറ്റി കാണാന്‍ ശ്രമിക്കണമെന്ന് അഡ്വ. പ്രവീണ്‍കുമാര്‍; കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണെന്നും ഡി.സി.സി അധ്യക്ഷന്‍

Update: 2026-02-12 05:27 GMT

കോഴിക്കോട്: കുറ്റ്യാടിയില്‍ ഉണ്ടായത് സ്‌നേഹ തള്ളല്‍ ആണെന്ന് വിശദീകരിച്ചു കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ അഡ്വ. പ്രവീണ്‍കുമാര്‍. ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല. സമയം വൈകിയതിനാലുള്ള തിരക്ക് മാത്രമാണ് ഉണ്ടായത്. മാധ്യമങ്ങള്‍ സിപിഎം സൈബര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കരുത്. യാത്രയുടെ പോസിറ്റിവിറ്റി കാണാന്‍ ശ്രമിക്കണമെന്നും പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. കുറ്റ്യാടിയിലെ വേദിയില്‍ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണ്. മറ്റിടങ്ങളില്‍ ഇത് നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലാണ് കഴിഞ്ഞ ദിവസം നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. തന്നെ പ്രസംഗിക്കാന്‍ വിളിക്കുന്ന ജില്ലാ നേതാവ് പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പത്ത് മണിക്കാണ് കുറ്റ്യാടിയിലെ സ്വീകരണപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 11.30ഓടെയാണ് പരിപാടി ആരംഭിച്ചത്. നിശ്ചയിച്ച സമയത്തും പരിപാടി തുടങ്ങാന്‍ വൈകിയതിനാല്‍ വേദിയിലുള്ള മറ്റ് നേതാക്കളൊന്നും പ്രസംഗിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വേദിയിലെത്തിയതോടെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആരംഭിച്ചു. പിന്നാലെ ഷാഫി പറമ്പില്‍ സംസാരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രമോദ് കക്കട്ടില്‍ ഷാഫിയെ ക്ഷണിക്കാന്‍ മൈക്കിന് മുന്നിലെത്തി. എന്നാല്‍ താനിപ്പോള്‍ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ് ഷാഫി ഒഴിഞ്ഞ് മാറുകയും ചെയ്തു. വടകരയിലെ സ്വീകരണപരിപാടിയില്‍ സംസാരിക്കേണ്ടതിനാലും, സമയക്കുറവുള്ളതും കൊണ്ടുമാണ് സംസാരിക്കാതെ ഇരുന്നത് എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

അതേസമയം വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാണ് ഉണ്ടായത്. 'വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടിയില്ലെങ്കിലും 150 കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലാകും എന്ന കാര്യത്തില്‍ ഉറപ്പാണ്' എന്ന പരിഹാസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഐക്യമുന്നണിയില്‍ ഇത്രയും വലിയ ഐക്യം ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്തും തള്ളിനുമിടയില്‍ താഴെ വീണതും ട്രോളന്മാര്‍ ആയുധമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് വേദിയിലെ ഈ ഗ്രൂപ്പ് കളി രാഷ്ട്രീയ എതിരാളികള്‍ക്കും വലിയ വടിയായി മാറി. 'ഐക്യമുന്നണിയില്‍ എന്തൊരു ഐക്യമാണ്! കാലക്കേടിന് ഇവരുടെ കയ്യില്‍ ഭരണം കിട്ടിയാലുള്ള അവസ്ഥ! പടച്ചോനെ, ആലോചിക്കാന്‍ വയ്യ' എന്നാണ് മുന്‍ മന്ത്രി കെ.ടി. ജലീല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാന്‍ ഇറങ്ങിത്തിരിച്ച പുതുയുഗ യാത്ര, സ്വന്തം പാര്‍ട്ടിക്കാരുടെ ഷോയാല്‍ വാര്‍ത്താ ശ്രദ്ധ നേടിയിരിക്കുകയാണ്. സമയക്കുറവ് മൂലം സംഭവിച്ച പാകപ്പിഴയാണെന്ന് നേതൃത്വം ന്യായീകരിക്കുമ്പോഴും, സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ പുതിയ അധ്യായമായി കുറ്റ്യാടി ദൃശ്യങ്ങള്‍ മാറിയിരിക്കുന്നു.

Tags:    

Similar News