ജോസ് കെ. മാണിയുടെ മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിന്‍; തിരിച്ചു വാങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ശ്രമിച്ചിട്ടും വിടാതെ മന്ത്രി; പാലാ.. വേണ്ട.. മൈക്ക് മതി.... ജോസ് കെ മാണിയുടെ മനസ്സില്‍ എന്ത്? കേരളാ കോണ്‍ഗ്രസില്‍ സര്‍വ്വത്ര ആശയക്കുഴപ്പമോ? മാണി സി കാപ്പന്‍ ഭയത്തിലോ മാണിയുടെ മകന്‍? പാലാ ചര്‍ച്ച തുടരും
അടിമാലി: നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നതിന് മുന്‍പേ കേരളാ കോണ്‍ഗ്രസില്‍ (എം) പാലാ സീറ്റിനെ ചൊല്ലി നാടകീയ രംഗങ്ങള്‍. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ മുന്നണിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇടുക്കിയിലെ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'പാര്‍ട്ടി തീരുമാനിക്കും' എന്ന നയപരമായ മറുപടിയാണ് ജോസ് കെ. മാണി നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ ജോസിന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങിയ റോഷി അഗസ്റ്റിന്‍, ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും സമയമാകുമ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റോഷി വ്യക്തമാക്കിയതോടെ ജോസ് കെ. മാണി മൈക്ക് തിരിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ മാസം നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷവും റോഷി ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു.
നിലവിലെ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ വികസന കാര്യത്തില്‍ വന്‍ പരാജയമാണെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. സ്വന്തം കഴിവുകേടുകള്‍ മറയ്ക്കാനാണ് കാപ്പന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നവരോട് മറുപടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫുമായി ചര്‍ച്ച നടത്തിയോ എന്ന് കുരിശുപള്ളി മാതാവിന് മുന്നില്‍ വെച്ച് സത്യം ചെയ്യണമെന്ന കാപ്പന്റെ വെല്ലുവിളിയോട്, താനും മാതാവിനെ പ്രാര്‍ത്ഥിക്കുന്ന ആളാണെന്നും എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നുമാണ് ജോസ് പ്രതികരിച്ചത്.
പാലാ സീറ്റ് തിരിച്ചുപിടിക്കുക എന്നത് മാണി ഗ്രൂപ്പിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ സീറ്റ് ഉറപ്പിക്കാന്‍ റോഷി അഗസ്റ്റിന്‍ നടത്തുന്ന പരസ്യ നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ആത്മവിശ്വാസമാണോ അതോ മറ്റ് ഭിന്നതകളുടെ സൂചനയാണോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കെ എം മാണിയുടെ ഉറച്ച സീറ്റായിരുന്നു പാല. ഇടതുമുന്നണി വിടാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച റോഷി അഗസ്റ്റിന്‍, മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം നേതൃത്വത്തിന്റെയും പ്രിയങ്കരനായി മാറിയിരിക്കുകയാണ്.
ജോസ് കെ. മാണിയേക്കാള്‍ മുന്നണിയില്‍ റോഷിക്ക് സ്വാധീനം വര്‍ദ്ധിക്കുന്നു എന്ന ചര്‍ച്ചകള്‍ക്ക് ഈ സംഭവം ആക്കം കൂട്ടി. പാലായില്‍ ജോസ് കെ. മാണി ഇത്തവണയും പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ റോഷി പൂര്‍ണ്ണ ആധിപത്യം നേടുമെന്ന് ഒരു വിഭാഗം അണികള്‍ ഭയപ്പെടുന്നു. ചെയര്‍മാന്റെ ശരീരഭാഷ ദുര്‍ബലമായിരുന്നുവെന്നും അദ്ദേഹം അപ്രസക്തനാക്കപ്പെട്ടുവെന്നും സോഷ്യല്‍ മീഡിയയിലും നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്. വിവാദം കൊഴുത്തതോടെ ഇന്ന് കോതമംഗലത്ത് ജോസ് കെ. മാണി വിശദീകരണവുമായി രംഗത്തെത്തി. 'റോഷി സ്‌നേഹം കൂടിയതുകൊണ്ട് പറഞ്ഞതാണ്, അദ്ദേഹം ചോരത്തിളപ്പുള്ള നേതാവാണ്' എന്നായിരുന്നു ജോസിന്റെ പ്രതികരണം.
2021-ല്‍ മാണി സി. കാപ്പനോട് 15,378 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജോസ് കെ. മാണി ഇത്തവണ രാജ്യസഭാ ഫണ്ടും മറ്റും ഉപയോഗിച്ച് മണ്ഡലത്തില്‍ സജീവമാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് കാപ്പനും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
