ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ ഇപ്പോള്‍ നിശ്ശബ്ദരായി; പ്രകടമായ മാറ്റം ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്; വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടു; ലക്ഷ്യം നവകേരളം; സര്‍ക്കാരിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളളിയാഴ്ച എന്നും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
കോഴിക്കോട്: വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനത്തില്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മാറ്റം പ്രകടമാണെന്നും ജനങ്ങള്‍ അത് അനുഭവിച്ചറിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ ഇപ്പോള്‍ നിശബ്ദരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒന്‍പതു വര്‍ഷമാണ് കടന്നുപോകുന്നത്. നവകേരള നയമാണ് കേരളസര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നൂറു ശതമാനം പ്രവര്‍ത്തികളും നടപ്പായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ദേശീയ പാതാവികസനം എല്‍ഡിഎഫിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയത്തിന് ഭൂമി ഏറ്റെടുത്തു നല്‍കാത്തതിനാല്‍ ദേശീയ പാത അതോറിറ്റി ഓഫിസ് അടച്ചുപൂട്ടുന്ന സാഹചര്യമായിരുന്നു എങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 25 ശതമാനം പിന്തുണയോടെ ദേശീയപാത വികസനം നടപ്പാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷികാഘോഷ സമാപനറാലിയില്‍ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അര്‍ഹമായ പലതും തടഞ്ഞുവച്ച് കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തെ അതിജീവിച്ച ഇച്ഛാശക്തിയാണ് സര്‍ക്കാരിനുള്ളത്. അതിനാല്‍ എല്ലാം സര്‍ക്കാര്‍ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍, കൊച്ചി മെട്രോ തുടങ്ങി പല രംഗങ്ങളിലും മികച്ച മുന്നേറ്റമാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഓരോ പദ്ധതികളും എടുത്തുപറഞ്ഞ് മുഖ്യമന്ത്രി സൂചിപ്പിച്ചു.
മാറ്റങ്ങള്‍ പ്രകടമാണ്. ഇവ ജനം സ്വജീവിതത്തില്‍ അനുഭവിക്കുന്നു. വാര്‍ഷികപരിപാടികളില്‍ മികച്ച പങ്കാളിത്തമാണ് ഉണ്ടാകുന്നത്. മികച്ച പങ്കാളിത്തം മാത്രമല്ല പുതിയ കേരളം ഏങ്ങനെയാകണമെന്നതു സംബന്ധിച്ച് ക്രിയാത്മക ചര്‍ച്ചകളും അഭിപ്രായസ്വരൂപീകരണവും ഈ വാര്‍ഷിക പരിപാടികളില്‍ ഉണ്ടാകുന്നു. ആരോഗ്യരംഗത്തും മികച്ച പുരോഗതിയാണ് സംസ്ഥാനത്തുണ്ടായത്. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബ് ആരംഭിച്ചു.
കോവിഡിനെതിരെ ശക്തവും ശാസ്ത്രീയവുമായ പ്രതിരോധമാണ് നടപ്പാക്കിയത്. കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയത് കേരളമായിരുന്നുവെന്നതും പുറത്തുവന്നു കഴിഞ്ഞു. നാലുവര്‍ഷത്തിടെ ഏഴായിരം കോടി രൂപയുടെ സൗജന്യചികിത്സയാണ് കേരളത്തില്‍ നല്‍കിയത്. വാര്‍ഡ് തലത്തില്‍ 5409 ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ആരംഭിച്ചത്. രണ്ടു മെഡിക്കല്‍ കോളജുകള്‍ ഈ കാലയളവില്‍ ആരംഭിച്ചു. മെഡിക്കല്‍ നഴ്‌സിങ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസരംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ചു. 50,000 ല്‍ അധികം ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. രാജ്യത്തെ മികച്ച പൊതുസര്‍വകലാശാലകളില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇടം നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.