'എമ്പുരാന്‍ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല; എന്നിട്ടും ചില ഭാഗങ്ങള്‍ കാരണം സിനിമ ആക്രമിക്കപ്പെട്ടു; സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു' എന്ന് മുഖ്യമന്ത്രി
പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എമ്പുരാന്‍ സിനിമയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി
മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എമ്പുരാന്‍ സിനിമയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ''എമ്പുരാന്‍ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല. എന്നിട്ടും ചില ഭാഗങ്ങള്‍ കാരണം സിനിമ ആക്രമിക്കപ്പെട്ടു.
ഏതാനും രംഗങ്ങള്‍ മുറിച്ചുമാറ്റുന്നത് സിനിമയെയും അതിനുവേണ്ട അധ്വാനിച്ചവരെയും ബാധിക്കും. സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു.'' മുഖ്യമന്ത്രി പറഞ്ഞു.
ഒരു രാഷ്ട്രീയസിനിമ അല്ലാതിരുന്നിട്ടും സിനിമയ്ക്കെതിരെ ബി.ജെ.പി. ആക്രമണം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. സിനിമ ഒരു വ്യവസായമാണ്, ആയിരക്കണക്കിന് പേരാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമ ഒരു വലിയ സാമ്പത്തിക വിജയമാകുന്നത് അപൂര്‍വമാണ്.
സിനിമയെ താറടിച്ചുകാണിക്കുമ്പോള്‍ സ്വാഭാവികമായും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളാണ് ബാധിക്കപ്പെടുന്നത്. സംഘപരിവാര്‍ അംഗങ്ങള്‍ കൂടിയുള്ള ഒരു സെന്‍സര്‍ ബോര്‍ഡിനാല്‍ അംഗീകരിക്കപ്പെട്ട സിനിമയാണിത്. അത്തരത്തിലുള്ള സിനിമയെ അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സ്വേച്ഛാധിപത്യപ്രവണത അതിരുകള്‍ ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വിഭജനരാഷ്ട്രീയം ആധിപത്യമുറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. മണിപ്പുര്‍ വിഷയത്തെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചു. കേന്ദ്ര അവഗണയ്ക്കെതിരേ കേരളവും തമിഴ്നാടും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.