തനിക്കെന്തോ മറച്ചുവയ്ക്കാന്‍ ഉണ്ട് എന്നത് അനാവശ്യ പരാമര്‍ശം; ഒളിക്കാന്‍ ഒന്നുമില്ല; വിവരങ്ങള്‍ എല്ലാം അറിയിച്ചെന്നും ബോധപൂര്‍വമായ വീഴ്ചയില്ലെന്നും ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയുമെന്ന് ഗവര്‍ണര്‍; 'പി ആറില്‍' പോര് രൂക്ഷം
പി ആറില്‍' പോര് രൂക്ഷം
തിരുവനന്തപുരം: തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമെന്ന് മുഖ്യമന്ത്രി. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിനാണ് അതേ ഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കിയിരിക്കുന്നത്.
ഗവര്‍ണറുടെ കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തില്‍ പറയുന്നു. തനിക്ക് ഒളിക്കാന്‍ എന്തോ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ദേശവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ തെറ്റിധരിച്ചതാണ്. വളച്ചൊടിച്ച കാര്യങ്ങളാണ് ഗവര്‍ണര്‍ മനസിലാക്കിയിട്ടുള്ളത്. താന്‍ നടത്താത്ത പരാമര്‍ശത്തില്‍ വലിച്ചുനീട്ടല്‍ വേണ്ട. സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ പറയണം. ദേശ വിരുദ്ധ പ്രവര്‍ത്തനമെന്നു പരാമര്‍ശിച്ചിട്ടില്ല. വിവാദ അഭിമുഖം ദ ഹിന്ദു തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി. ഗവര്‍ണറുമായി തര്‍ക്കത്തിന് ഇക്കാര്യത്തില്‍ ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് സ്വര്‍ണ്ണം പിടിച്ച കേസുകള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.
അതേസമയം, മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം ആയുധമാക്കി രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ രംഗത്ത് വന്നത്.
പൊലീസ് വെബ്‌സൈറ്റിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയും. തന്റെ കത്തിനു മറുപടി തരാന്‍ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. രാജ്ഭവന്‍ ആസ്വദിക്കാന്‍ അല്ല ഞാന്‍ ഇരിക്കുന്നത്-ഗവര്‍ണര്‍ പറഞ്ഞു.