സമുദായ സംഘടനകള്‍ സതീശനുമായി അകലമിടുമ്പോള്‍ സഭാ, സമുദായ ആസ്ഥാനങ്ങളില്‍ കൂടിക്കാഴ്ചകളുമായി ചെന്നിത്തല; യുഡിഎഫിന് വേണ്ടി സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ കളത്തിലിറങ്ങി മുതിര്‍ന്ന നേതാവ്; ഓര്‍ത്തഡോക്‌സ് സഭ, എന്‍എസ്എസ് ആസ്ഥാനങ്ങളിലെത്തിയ ചെന്നിത്തല സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി; ഡാറ്റാ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കി മുന്‍ പ്രതിപക്ഷ നേതാവ്
സമുദായ സംഘടനകള്‍ സതീശനുമായി അകലമിടുമ്പോള്‍ സഭാ, സമുദായ ആസ്ഥാനങ്ങളില്‍ കൂടിക്കാഴ്ചകളുമായി ചെന്നിത്തല
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ സജീവമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി ഡി സതീശനുമായി സമുദായ സംഘടനകള്‍ അകലമിടുമ്പോള്‍ തന്നെ ചെന്നിത്തല ഈ നേതാക്കളുമായി അടുത്തു സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. യുഡിഎഫിന് സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ വേണ്ടി സഭാ, സമുദായ ആസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഒീഫീസിനെ ഡാറ്റാചോര്‍ച്ച വിഷയത്തില്‍ വെട്ടിലാക്കിയതോടെ ചെന്നിത്തല കൂടുതല്‍ സജീവമായി ഇടപെടലുകള്‍ നടത്തുകയാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണ സമിതിയുടെ ചെയര്‍മാനായി ഹൈക്കമാന്‍ഡ് ചെന്നിത്തലയെ നിയോഗിച്ചതോടെ തന്നെ അദ്ദേഹത്തിന് കേരളത്തില്‍ കാര്യമായ റോള്‍ വഹിക്കാനുണ്ടെന്ന് വ്യക്തമായിരുന്നു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി കൂടിയാണ് ചെന്നിത്തല ഇടപെടലുകല്‍ നടത്തുന്നത്.
ഇന്ന് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും എന്‍എസ്എസ് ആസ്ഥാനത്തും ചെന്നിത്തല സന്ദര്‍ശനം നടത്തി. രാവിലെ ദേവലോകത്തെ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെ്ത്തിയത്. എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാര്‍ച്ചന നടത്താന്‍ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ജി സുകുമാരന്‍ നായരുമായി ചെന്നിത്തല കൂടിക്കാഴ്ച്ച നടത്തി.
കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ എന്‍എസ്എസ് ആസ്ഥാനത്ത് താന്‍ പുഷ്പാര്‍ച്ചന നടത്താറുണ്ടെന്നും എന്‍എസ്എസുമായി തനിക്ക് പണ്ട് അകല്‍ച്ചയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താന്‍ പോകാന്‍ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുതുയുഗയാത്ര ഇന്നലെ ചങ്ങനാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത് താന്‍ ആണ്. വിഡി സതീശന്റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എല്‍ഡിഎഫിന്റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു.. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് പുതുയുഗയാത്രയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതില്‍ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.
രമേശ് ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളില്‍ പോകുന്നതിന് എന്താണ്. വര്‍ഗീയതയെയാണ് എതിര്‍ക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ആദ്യത്തേത് ശമ്പള പരിഷ്‌കരണ കമ്മീഷന്‍. ജെ ബി കോശി കമ്മീഷന്‍ 2023ല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷക്കാലം പൂഴ്ത്ത വെച്ച് ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ പലതരത്തിലുള്ള സമരങ്ങള്‍ നടത്തി. പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരാണിത്. എന്നിട്ടാണ് ഇപ്പോള്‍ പി.എസ്.സി പ്രായം കൂട്ടിയത്. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
ഡേറ്റ ചോര്‍ച്ചയില്‍, സ്പാര്‍ക്കില്‍ നിന്ന് ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫിസറെന്ന വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല ഇന്ന് രംഗത്തുവന്നത് സര്‍ക്കാറിന് ഏറെ ക്ഷീണമായിരുന്നു. കെ.സ്മാര്‍ട് ആപ്പില്‍ നിന്ന് സമ്പൂര്‍ണവിവരങ്ങള്‍ പി.ആര്‍.ഡി.ക്ക് കൈമാറണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ വ്യക്തമെന്നും ചെന്നിത്തല. ഗുരുതര ഡേറ്റ ചോര്‍ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമെന്നും ചെന്നിത്തല ആരോപിച്ചു.
പിആര്‍ഡിക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഒഎസ്ഡിയാണ്. ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുടെ കത്ത് ചെന്നിത്തല പുറത്തുവിട്ടു. പേര്, ഫോണ്‍നമ്പര്‍, പ്രായം എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടു. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമെന്നും ചെന്നിത്തല പറഞ്ഞു.
നടന്നത് വലിയ ഡാറ്റ ചോര്‍ത്തലാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോര്‍ത്തല്‍. സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിത്. 2026 ഫെബ്രുവരി മാസത്തിന് മുന്‍പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കുവരെ മെസേജുകള്‍ എത്തുന്നു. പ്രധാനമന്ത്രി ചെയ്താലും മുഖ്യമന്ത്രി ചെയ്താലും തെറ്റാണ്. കെഎസ്ആര്‍ടിസി ഇപ്പോള്‍ പരസ്യവണ്ടിയായെന്നും ചെന്നിത്തല പരിഹസിച്ചു. മുന്‍കാലങ്ങളില്‍ സ്പ്രിങ്‌ലര്‍ വിവാദം അടക്കം ഉയര്‍ത്തി രമേശ് ചെന്നിത്തല കളം നിറഞ്ഞിരുന്നു. ഇതിനിടെയാണ് അദ്ദേഹം വീണ്ടും ഡാറ്റാ ചോര്‍ച്ച വിവാദവുമായി കളം നിറയുന്നത്.
