കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്പ് പി പി ദിവ്യയുടെ ഭര്‍ത്താവിന്റേത്; പരാതിക്കാരനായ കെ വി പ്രശാന്ത് ബെനാമി; ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തം; ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്; സമഗ്രാന്വേഷണത്തിന് മുറവിളി

കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്പ് പി പി ദിവ്യയുടെ ഭര്‍ത്താവിന്റേത്

Update: 2024-10-16 08:21 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ, പി.പി. ദിവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് ബെനാമിയാണ്. ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

എ.ഡി.എം നവീന്‍ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്ന് പറയപ്പെടുന്ന കെ.വി പ്രശാന്ത് പി.പി. ദിവ്യയുടെ ഭര്‍ത്താവിനൊപ്പം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. പ്രശാന്തുമായി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് സി.പി.എം നേതാക്കളുടെ ബെനാമിയായാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ കെ.വി പ്രശാന്ത് പെട്രോള്‍ ബങ്ക് തുടങ്ങാനിറങ്ങിയതെന്ന ആരോപണവും സജീവമാണ്. ഇതില്‍ പി.പി ദിവ്യക്കോ കുടുംബത്തിനോ പങ്കുണ്ടോയെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ കണ്ണൂരിലെ ഒരു മലയോര പ്രദേശത്തെ ടൂറിസം കേന്ദ്രത്തില്‍ ഏക്കര്‍ കണക്കിന് ഭുമി സി.പി.എം നേതാക്കള്‍ വാങ്ങി കൂട്ടിയതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പി.പി ദിവ്യയ്ക്കും പങ്കുണ്ടെന്ന ആരോപണം സി.പി.എം അനുകൂലികളുടെതെന്ന് കരുതുന്ന സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്പ്പിക്കാനും നീക്കം നടക്കുന്നുണ്ട് ഇതിനായുള്ള വ്യക്തമായ സൂചനയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ദിവ്യയെ പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടു ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവയ്ക്ക് എതിരെ സഹോദരന്‍ പരാതി നല്‍കി. ദിവ്യ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നവീന്‍ ബാബുവിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബാബു പൊലീസില്‍ പരാതി നല്‍കിയത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ വ്യക്തിവൈരാഗ്യത്താല്‍ പിപി ദിവ്യ, എഡിഎം നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ കെ.വി പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രവീണ്‍ ബാബു ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നാണ് അഭിഭാഷകന്‍ കൂടിയായ പ്രവീണ്‍ ബാബു അഭിപ്രായപ്പെടുന്നത്.

Tags:    

Similar News