സഖാക്കളുടെ പഴയ യുവതുര്‍ക്കി; എംവി രാഘവനൊപ്പം സിപിഎം ബന്ധം ഉപേക്ഷിച്ച ആദര്‍ശ കരുത്ത്; യുഡിഎഫിന്റെ പ്രധാന വക്താവായിട്ടും പാര്‍ലമെന്ററീ രാഷ്ട്രീയം അന്യം; ഇത്തവണയെങ്കിലും പടക്കുതിരയ്ക്ക് ജയിക്കുന്ന സീറ്റ് നല്‍കണം; തിരുവനന്തപുരം സെന്‍ട്രലില്‍ സിഎംപിക്ക് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയ; ശിവകുമാര്‍ വഴി മാറേണ്ടി വരും; സിപി ജോണിനെ യുഡിഎഫ് കൈവിടില്ല

Update: 2026-01-05 06:34 GMT

തിരുവനന്തപുരം: സിപി ജോണിനെ അവിടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. വര്‍ഷങ്ങളായി യുഡിഫ് ല്‍ അടിയുറച്ചു നില്‍ക്കുന്ന പാര്‍ട്ടി യാണ് സിഎംപി. ഉരര പ്രസിഡന്റ് കെപിസിസി ജനറല്‍ സെക്രട്ടറി എംല്‍എ, എംപി, മന്ത്രി എന്നീ പദവികള്‍ ഇതിനിടയില്‍ വഹിച്ച ശിവകുമാര്‍ ഇനി മാറി നില്‍ക്കണം.... ദയവായി ശിവകുമാറിനെപ്പോലുള്ളവര്‍ ഒരു പൊടിക്ക് അടങ്ങിയേ തീരൂ... യുഡിഎഫ് സംവിധാനത്തിനായി പ്രതിഫലേച്ഛയില്ലാതെ പതിറ്റാണ്ടുകളായി പണിയെടുക്കുന്ന സി.പി.ജോണിനെപ്പോലുള്ള നിസ്വാര്‍ത്ഥരായ നേതാക്കള്‍ പുതിയ നിയമസഭയിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. കരുത്തനായ,പ്രഗത്ഭനായ, വിവരമുള്ള ഒരു നേതാവാണ് ശ്രീ ജോണ്‍.ആദര്‍ശം ഉപേക്ഷിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് വളരെ ഉയരത്തില്‍ എത്തിയേനേ.- സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയാണ് ഇത്.

സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കെപിസിസി നേതൃക്യാംപിനു ശേഷം ഘടകകക്ഷികളുമായി സീറ്റുവിഭജന ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ, ജയം ഉറപ്പുള്ള സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി യുഡിഎഫിലെ ചെറു പാര്‍ട്ടികള്‍ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരവും കോഴിക്കോട് ജില്ലയിലെ കുന്നമംഗലവുമാണ് സിഎംപി ആവശ്യപ്പെടുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി.പി. ജോണിനു മത്സരിക്കാന്‍ തിരുവനന്തപുരം വേണമെന്ന് സിഎംപി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. സി.എന്‍.വിജയകൃഷ്ണനു വേണ്ടിയാണ് കുന്നമംഗലം ആവശ്യപ്പെടുന്നത്.

2021 ല്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിങ് എംഎല്‍എ ആന്റണി രാജുവിന് തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ ലഭിച്ചതോടെ യുഡിഎഫിന്റെ വിജയസാധ്യത കൂടിയിട്ടുണ്ട്. മുന്‍ എംഎല്‍എ വി.എസ്.ശിവകുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. സുനില്‍ കനഗോലു നല്‍കിയ റിപ്പോര്‍ട്ടില്‍ കെ.എസ്.ശബരീനാഥന്റെ പേരും മണ്ഡലത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരുവനന്തപുരം സി.പി. ജോണിനു വിട്ടുകൊടുക്കാതിരിക്കാനും കളികളുണ്ട്. എന്നാല്‍ സിപിയാണ് തിരുവനന്തപുരത്തെ മികച്ച സ്ഥാനാര്‍ത്ഥി. എല്ലാ സമവാക്യങ്ങളും തിരുവനന്തപുരത്ത് സിപി ജോണിന് അനുകൂലമാണ്. യുഡിഎഫും ഇത് തിരിച്ചറിയുന്നുണ്ട്.

എവി രാഘവനൊപ്പം സിപിഎമ്മില്‍ നിന്നും പുറത്തു വന്ന നേതാവാണ് സിപി ജോണ്‍. ഒരു കാലത്ത് സിപിഎമ്മിലെ യുവതുര്‍ക്കി. ആദര്‍ശം പറഞ്ഞ് രാഘവനൊപ്പം പുറത്തേക്ക് വന്ന സിപി എന്നും യുഡിഎഫിന്റെ നയരൂപീകരണത്തില്‍ മുന്നില്‍ നിന്നു. ആഴത്തിലുള്ള സാമ്പത്തിക അറിവും മറ്റും യുഡിഎഫിന് വേണ്ടി തന്ത്രമൊരുക്കുന്നതില്‍ പ്രതിഫലിപ്പിച്ചു. പക്ഷേ ഒരിക്കല്‍ പോലും എംഎല്‍എയും എംപിയുമായില്ല. ഇടതു കോട്ടയായ കുന്നംകുളം സീറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു. തൃശൂരിലെ ഈ തോല്‍വിയ്ക്ക് ശേഷം പിന്നീട് മത്സരിച്ചുമില്ല. ഇത്തവണ സിപിയ്ക്ക് ജയം ഉറപ്പുള്ള സീറ്റ് നല്‍കണമെന്നാണ് മുസ്ലീം ലീഗിന്റേയും നിലപാട്.

2001ല്‍ എം.വി.രാഘവന്‍ വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം വെസ്റ്റ്. സിറ്റിങ് സീറ്റ് വിട്ടുനല്‍കിയാണ് 2006ല്‍ രാഘവന്‍ പുനലൂരില്‍ മത്സരിക്കാന്‍ പോയത്. വെസ്റ്റിന്റെ പുതിയ രൂപമാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം. ഈ സീറ്റ് വിട്ടു കൊടുത്ത ശേഷം സിഎംപിയ്ക്ക് ലഭിച്ചതെല്ലാം യുഡിഎഫ് പരാജയപ്പെട്ട സീറ്റുകളായിരുന്നു എന്നാണ് സിഎംപി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച നെന്മാറ ആവശ്യപ്പെടേണ്ടെന്നാണ് സിഎംപിയുടെ തീരുമാനം. മുസ്ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് സി.പി.ജോണിനു നല്‍കുമെന്ന അഭ്യൂഹമുണ്ടെങ്കിലും തിരുവനന്തപുരം തന്നെ വേണമെന്നതില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ സിപി ജോണ്‍ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് എം.വി. രാഘവന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ആ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായി മാറി. എം.വി. രാഘവന്റെ വിയോഗശേഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് യുഡിഎഫിനൊപ്പം നിന്ന വിഭാഗത്തെ അദ്ദേഹം നയിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമെന്ന നിലയില്‍ വികസന നയരൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അദ്ദേഹം രാഷ്ട്രീയത്തിന് പുറമെ മികച്ച ഒരു സാമ്പത്തിക-വികസന നിരീക്ഷകന്‍ കൂടിയാണ്.

Similar News