വടക്കുംനാഥന്റെ പടച്ചോറ് പകുത്തുണ്ട് വളര്‍ന്നതാണ് തൃശ്ശൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം; ആ പ്രസ്ഥാനം ഒരിക്കലും തൃശ്ശൂര്‍ പൂരത്തിന്റെ കൂടെ അല്ലാതെ നില്‍ക്കില്ല; ആരോപണങ്ങള്‍ ആവര്‍ത്തിച്ചു സിപിഐ

വടക്കുംനാഥന്റെ പടച്ചോറ് പകുത്തുണ്ട് വളര്‍ന്നതാണ് തൃശ്ശൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

Update: 2024-10-09 12:07 GMT

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ ആരോപണങ്ങള്‍ നിയമസഭയിലും ആവര്‍ത്തിച്ച് സിപിഐ. പൂരം കലക്കിയതിനു പിന്നില്‍ വത്സന്‍ തില്ലങ്കേരിമാരും ആര്‍എസ്എസിന്റെ ഗൂഢ സംഘമുണ്ടെന്ന് സി.പി.ഐ എം.എല്‍.എ പി.ബാലചന്ദ്രനും അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ പൂരംകലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുലര്‍ച്ചെ 3.30 മുതല്‍ പൂരം കലക്കാനുള്ള ശ്രമം ഉണ്ടായി. നാമജപ ഘോഷയാത്രയുമായി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തൃശ്ശൂരില്‍ എങ്ങനെയെത്തി പൂരനഗരിയിലേക്ക് സുരേഷ് ഗോപി വരുന്നതിന് മുന്‍പ് തന്നെ മന്ത്രി കെ.രാജനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സുനില്‍കുമാറും എത്തിയിരുന്നു. തുടര്‍ന്നാണ് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത് വെടിക്കെട്ട് നടത്താനുള്ള തീര്‍പ്പിലെത്തി ചേര്‍ന്നത്.

ഇതിനുശേഷമാണ് നാടകത്തിന്റെ മുഖ്യ ആസൂത്രകനായ സുരേഷ്‌ഗോപി ഇവിടേക്ക് വരുന്നത്. ശബരിമലയിലേതിന് സമാനമായ ആര്‍എസ്എസ് ഗൂഢാലോചന പൂരത്തിലും നടന്നൂവെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വകതിരിവ് പ്രതിപക്ഷത്തിനില്ല. പൂരം കലക്കാന്‍ അവസരമുണ്ടാക്കി കൊടുത്തത് ആരാണെന്നും കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ മന്ത്രി കെ. രാജനും ആര്‍.ബിന്ദുവിനും തൃശ്ശൂര്‍ പുരം നടത്തിപ്പില്‍ ഇടപെടാനുള്ള സൗകര്യം നിഷേധിച്ചതായും ബാലചന്ദ്രന്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൂരവുമായി ബന്ധപ്പെട്ട കൂടിയാലോചനയില്‍ പങ്കെടുക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല. ഈ അവസരം ചിലര്‍ മുതലെടുത്തു. മൂവായിരം പോലീസുകാര്‍ നിരന്നുനില്‍ക്കുന്ന, കര്‍ശന സുരക്ഷയുള്ള പൂരനഗരിയിലേക്ക് ഒരാള്‍ക്ക് കടക്കണമെങ്കില്‍ ചില ഉപായം വേണം. ഇങ്ങനെയാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

'തൃശ്ശൂര്‍ പൂരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിരവധി കമ്മ്യൂണിസ്റ്റുകാര്‍ തൃശ്ശൂര്‍ പൂരത്തിന്റെ മുന്നില്‍നിന്ന് നയിച്ചവരാണ്. ചെമ്പോട്ടില്‍ തറവാട്ടിലേക്ക് വടക്കുംനാഥനില്‍നിന്ന് കിട്ടിയ പടച്ചോറ് പകുത്തുണ്ട് വളര്‍ന്നതാണ് തൃശ്ശൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ആ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും തൃശ്ശൂര്‍ പൂരത്തിന്റെ കൂടെ അല്ലാതെ നില്‍ക്കില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അപമാനിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ ശ്രമമെങ്കില്‍ കാലം കരുതിവെച്ചിട്ടുള്ള എല്ലാ കണക്കുതീര്‍പ്പുകള്‍ക്കും നിങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടിവരും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News