കടക്ക് പുറത്ത്! 'ആരോപണത്തിന് പിന്നില്‍ കൃത്യമായ ലക്ഷ്യം, മധുസൂദനനോട് പക'; വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം; പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍; ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും ഒരു രൂപ നഷ്ടമായിട്ടില്ല; പാര്‍ട്ടി ഓഡിറ്റിന് വിധേയമാക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വരവ് ചെലവു കണക്കുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും കെ കെ രാഗേഷ്

കടക്ക് പുറത്ത്! 'ആരോപണത്തിന് പിന്നില്‍ കൃത്യമായ ലക്ഷ്യം, മധുസൂദനനോട് പക

Update: 2026-01-26 11:21 GMT

കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് പുറത്താക്കിയ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് കെ. കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണന്‍ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തോടെ പാര്‍ട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. 2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് വീണ്ടും ആരോപിച്ചത്. ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടില്‍ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് പാര്‍ട്ടി ശാസിച്ചത്.

മധുസൂദനനെ മനഃപൂര്‍വം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാര്‍ത്ത ചോര്‍ച്ച സംബന്ധിച്ച് പാര്‍ട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. മധുസൂദനനെ മനഃപൂര്‍വം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാര്‍ത്ത ചോര്‍ച്ച സംബന്ധിച്ച് പാര്‍ട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്.

വാര്‍ത്ത ചോര്‍ത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കില്‍ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റ പരിസരത്തു നില്‍ക്കാന്‍ പറ്റുന്ന പണി ആണോ ഇത്. മധുവിനോടുള്ള പകയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നത്. റസീറ്റ് അടിച്ചതില്‍ അക്ഷരത്തെറ്റ് ഉണ്ടായി. 6 ബുക്കുകളില്‍ പിശക് ഉണ്ടായി. അത് നശിപ്പിക്കുന്നതില്‍ ജാഗ്രതകുറവുണ്ടായി. എന്നാല്‍ ഈ റസീറ്റ് ഉപയോഗിച്ച് പണം പിരിച്ചത് മധുസൂദനന്‍ അല്ല. ചില ബുക്കുകള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും കെകെ രാഗേഷ് സമ്മതിച്ചു.

കുടുംബത്തെ സഹായിക്കുക, വീട് വച്ചു നല്‍കുക, കേസുകള്‍ കൈകാര്യം ചെയ്യുക , തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്, ഫണ്ട് ഉണ്ടാക്കിയത്. ഇതിലൊന്നും പാര്‍ട്ടിക്ക് ധനം നഷ്ടപ്പെട്ടിട്ടില്ല. വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നതില്‍ നാലു വര്‍ഷം താമസം ഉണ്ടായി. ഇതില്‍ പാര്‍ട്ടി നടപടി എടുത്തുവെന്നുമാണ് കെകെ രാഗേഷിന്റെ വിശദീകരണം. ഫണ്ടിനെ കുറിച്ചുള്ള ചെലവുകള്‍ പുറത്തുവിടില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന് എല്‍എല്‍എക്കെതിരേ ഉയര്‍ന്ന ആരോപണം. രക്തസാക്ഷി ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, 2021-ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തില്‍ സാമ്പത്തികാപഹരണം നടന്നെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു, 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്.പാര്‍ട്ടിയില്‍ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താന്‍ പറയാന്‍ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്. പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും വി.കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

50 വര്‍ഷത്തിലധികമായി പാര്‍ട്ടിയോടൊപ്പമുള്ള നേതാവാണ് 74-കാരനായ കുഞ്ഞികൃഷ്ണന്‍. 24-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വമെടുത്ത അദ്ദേഹം ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂര്‍ ഏരിയാസെക്രട്ടറി എന്നീ പദവികള്‍ വഹിച്ചാണ് ജില്ലാകമ്മിറ്റി അംഗമായത്. പയ്യന്നൂരിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്കനടപടിയുടെ സമയത്താണ് ഏരിയാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്. ഇതോടെ പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം സമ്മര്‍ദത്തിന് വഴങ്ങി തിരിച്ചെത്തുകയും ജില്ലാകമ്മിറ്റിയിലെ ക്ഷണിതാവുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാകമ്മിറ്റി അംഗമായി.

Tags:    

Similar News