സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ലഭിച്ച പരാതി കോടതിയില്‍ ഹാജരാക്കിയതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍; രാജേഷ് കൃഷ്ണയുടെ അഭിഭാഷകന്‍ സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന ബിജെപി ഉന്നതന്‍; എം വി ഗോവിന്ദനെതിരേ പാര്‍ട്ടിയിലുള്ള നീക്കമെന്ന് ഒരു പക്ഷം; കത്ത് ചോര്‍ച്ച സിപിഎമ്മിന് തലവേദന; ഒഴിഞ്ഞുമാറി സി.പി.എം ദേശീയ നേതൃത്വം
സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ലഭിച്ച പരാതി കോടതിയില്‍ ഹാജരാക്കിയതിനു പിന്നില്‍ ലക്ഷ്യങ്ങള്‍
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമര്‍ശിച്ച് മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി നേരത്തെ പുറത്തുവന്നതാണെന്നും വാട്‌സാപ്പില്‍ കുറച്ചുകാലങ്ങളായി തന്നെ കറങ്ങി നടക്കുന്നുണ്ടെന്നുമാണ് കത്ത് ചോര്‍ച്ച വിവാദമായപ്പോള്‍ മന്ത്രി എം ബി രാജേഷ് അടക്കമുള്ളവര്‍ പ്രതിരോധിച്ചു കൊണ്ട് പറയുന്നത്. എന്നാല്‍, വാട്‌സ്ആപ്പില്‍ കറങ്ങി നടന്ന കത്ത് ഒരു കോടതി വ്യവഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതോടെ അതിന് പുതിയ മാനം കൈവന്നുവെന്നും ആധികാരികത വന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വാദിക്കുന്നതും. സിപിഎമ്മിനുള്ളിലെ ഉള്‍ക്കാറ്റായി മാറുന്ന കത്ത് വിവാദം നേതാക്കള്‍ക്കിടയിലെ ഭിന്നതയെന്ന രാഷ്ട്രീയ വിലയിരുത്തലുകള്‍ക്കും ഇടയാക്കുന്നുണ്ട്.
ലണ്ടനിലെ സിപിഎം അനുഭാവിയായ രാജേഷ് കൃഷ്ണയും ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദും തമ്മിലുള്ള തര്‍ക്കമാണ് പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ശീതസമരമായിമാറുന്നത്. പൊളിറ്റ് ബ്യൂറോക്ക് ഷര്‍ഷാദ് നല്‍കിയ പരാതി കോടതിയില്‍ ഹാജരാക്കിയതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളിലേക്ക് തീപടര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന സംശയമാണ് മിക്ക നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിക്ക് നല്കിയ കത്തില്‍ മന്ത്രിമാര്‍ക്കെതിരെ അടക്കം ആരോപണങ്ങള്‍ ഉണ്ട്. ഇത് കോടതി വ്യവഹാരങ്ങളുടെ ഭാഗമാക്കുമ്പോള്‍ അത് ഭാവിയില്‍ സിപിഎമ്മിന് തന്നെ തിരിച്ചടിയായേക്കാം. മുന്‍കാലങ്ങളില്‍ അടക്കം ഇത്തരം അനുഭവങ്ങള്‍് സിപിഎമ്മിനുണ്ട്.
അതുകൊണ്ട് തന്നെ രാജേഷ് കൃഷ്ണ കോടതിയില്‍ കത്ത് ഹര്‍ജിക്കൊപ്പം ഉള്‍പ്പെടുത്തി എന്നതാണ് നേതാക്കളെ ഞെട്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ആളാണ് ഇങ്ങനെ ചെയ്തത് എന്നതാണ് പാര്‍ട്ടിയുടെ ഉള്‍പ്പോരിലേക്കും വിരല്‍ചൂണ്ടുന്നത്. ബിജപിയിലെ ഉന്നതാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ എന്നതും പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ അഭിഭാഷകന്‍ ജോജോ ജോസ് മുഖേനയാണ് രാജേഷ് ഹരജി നല്‍കിയത്. സിപിഎമ്മിനെതിരെ നിരന്തരം കോടതി വ്യവഹാരം നടത്തിയ വ്യക്തിയാണ് ജോജോ ജോസ്. ഇതെല്ലാം നേതാക്കളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
അതേസമയം ഇപ്പോഴത്തെ വിവാദം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയുള്ള നീക്കമാണിതെന്നാണ് ഒരുപക്ഷത്തിന്റെ വാദം. അദ്ദേഹത്തിന്റെ മകന്‍ ശ്യാംജിത്താണ് കത്ത് ചോര്‍ത്തിക്കൊടുത്തതെന്ന ആരോപണം പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ഷര്‍ഷാദ് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എം.വി. ഗോവിന്ദന് രാഷ്ട്രീയതിരിച്ചടിയുണ്ടാക്കുന്ന വിധത്തിലുള്ള ഒരു കത്ത്, അദ്ദേഹം തന്നെ ചോര്‍ത്തിക്കൊടുക്കുമോ എന്നതാണ് ഇതിലുയരുന്ന സംശയം.
എം.വി. ഗോവിന്ദന്‍ പാര്‍ട്ടിസെക്രട്ടറിയായി വന്നതുമുതല്‍ ഇ.പി. ജയരാജനുമായി അത്രനല്ല ബന്ധത്തിലല്ല. ഇടതുമുന്നണി കണ്‍വീനര്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നില്‍പ്പോലും ഗോവിന്ദന്റെ കടുത്തനിലപാടുകളാണെന്നാണ് ജയരാജനെ പിന്തുണയ്ക്കുന്നവരുടെ വിശ്വാസം. അതിനാല്‍, ഇപ്പോഴത്തെ വിവാദത്തിനുപിന്നിലും ഇ.പി. ജയരാജനെ എതിര്‍പക്ഷത്ത് നിര്‍ത്തിയുള്ള പ്രചാരണം ശക്തമാണ്. ഷര്‍ഷാദ് ആദ്യം പരാതിനല്‍കിയത് കോടിയേരി ബാലകൃഷ്ണനും പിന്നീട് നല്‍കിയത് പൊളിറ്റ് ബ്യൂറോ അംഗമായ അശോക് ധാവ്ളെക്കുമാണ്.
കോടിയേരിക്ക് മലയാളത്തിലും ധാവ്ളെയ്ക്ക് ഇംഗ്ലീഷിലും തയ്യാറാക്കിയ പരാതികളാണ് നല്‍കിയത്. ചോര്‍ന്നത് ഇംഗ്ലീഷ് പരാതിയാണ്. ഇതാണ്, സംസ്ഥാനഘടകത്തിലെ ചേരിതിരിവുകള്‍ക്ക് അപ്പുറത്തേക്കുള്ള രാഷ്ട്രീയമാനം ഈ വിഷയത്തിലുണ്ടാക്കുന്നത്. രാജേഷ് കൃഷ്ണയുടെ പാര്‍ട്ടിയിലെ ഇടപെടല്‍ സംശയത്തോടെയാണ് നേരത്തേ പൊളിറ്റ് ബ്യൂറോ കണ്ടിരുന്നത്. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും തിരിച്ചയച്ചതും ഈ പശ്ചാത്തലത്തിലാണ്. പി വി അന്‍വറുമായി അടക്കമുള്ള ബന്ധങ്ങളാണ് അന്ന് വിവാദമായി ഉയര്‍ന്നത്.
കുറച്ചുകാലമായി എം വി ഗോവിന്ദനെ ലക്ഷ്യമിട്ടുള്ള നീക്കം സിപിഎമ്മില്‍ നടക്കുന്നുണ്ട്. പയ്യന്നൂരിലെ ജ്യോത്സ്യനെ കാണാന്‍ മാസങ്ങള്‍ക്ക് മുമ്പ് എം.വി. ഗോവിന്ദന്‍ പോയതിന്റെ ദൃശ്യം പുറത്തുവിട്ടായിരുന്നു ആദ്യ പ്രഹരം. ദിവസങ്ങള്‍ക്കകം വിഷയം കെട്ടടങ്ങിയെങ്കിലും എം.വി. ഗോവിന്ദനുള്ള കൃത്യമായ മുന്നറിയിപ്പായിരുന്നു അത്. ഇതിനു പിന്നാലെയാണ് ഷര്‍ഷാദിന്റെ കത്തും വിവാദമയി മാറിയത്. മൂന്നാം സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍തന്നെ പിണറായി വിജയന്റെ പിന്‍ഗാമിയാര് എന്ന ചോദ്യം നേതാക്കള്‍ക്കിടയിലുണ്ട്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലക്ക് ഗോവിന്ദനെ ഈ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അത് തടയല്‍ ലക്ഷ്യമിട്ടാണോ നീക്കമെന്നാണ് സംശയം.
അതിനിടെ നേതാക്കള്‍ക്കുമേല്‍ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ച് പോളിറ്റ് ബ്യൂറോക്ക് (പി.ബി) നല്‍കിയ കത്ത് ചോര്‍ന്ന സംഭവത്തിലും ആരോപണങ്ങളിലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സി.പി.എം ദേശീയ നേതൃത്വം. ഡല്‍ഹി എ.കെ.ജി ഭവനില്‍ നടക്കുന്ന പി.ബി യോഗത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളാരും പ്രതികരണത്തിന് തയാറായില്ല. ആരോപണം ശുദ്ധ അസംബന്ധമെന്ന പ്രതികരണം മാത്രമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ പിന്നാലെ കൂടിയപ്പോള്‍ എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്ന് വ്യക്തമാക്കി അദ്ദേഹം എ.കെ.ജി ഭവനിലേക്ക് കയറിപ്പോയി.
എം.എ. ബേബിക്കല്ലേ കത്ത് അയച്ചത്, ബേബിയോട് ചോദിക്കൂ എന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം. പലരും പലതും പറയും, റോഡില്‍ പോകുന്നവര്‍ പറയുന്നതിന് മറുപടി പറയേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നായിരുന്നു എ. വിജയരാഘവന്റെ മറുപടി. അശോക് ധാവ്‌ളയും ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. രാഷ്ട്രീയസാഹചര്യങ്ങളും ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പും അടക്കം പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച പി.ബി യോഗമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല.