തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോവലിസ്റ്റ് ലിസിയില്‍ നിന്ന് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആക്ഷേപം; ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി അന്വേഷണത്തിന് സിപിഎം ഏരിയാ കമ്മിറ്റി യോഗം കമ്മിറ്റിയെ നിയോഗിച്ചു; തനിക്ക് പരാതിയില്ലെന്ന നിലപാടില്‍ ലിസി

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോവലിസ്റ്റ് ലിസിയില്‍ നിന്ന് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആക്ഷേപം

Update: 2026-01-12 05:00 GMT

തൃശ്ശൂര്‍: സിപിഎമ്മില്‍ സീറ്റിനും പ്രചരണത്തിന്റെയും പേരില്‍ പണം ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നയം മറികടന്ന് സ്ഥാനാര്‍ഥിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് ഉയരുന്ന ആരോപണം. വിഷയം പാര്‍ട്ടിയില്‍ വിവാദമായതോടെ ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന മറിപ്പോര്‍ട്ട് ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ന്നതോടെ അന്വേഷണത്തിന് പാര്‍ട്ടി രണ്ടംഗസമിതിയെ നിയോഗിച്ചു.

കോര്‍പ്പറേഷന്റെ ലാലൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന േനാവലിസ്റ്റ് ലിസിയില്‍നിന്ന് സിപിഎം ഒളരി ലോക്കല്‍ സെക്രട്ടറി കെ.എം. സോണിയും മുന്‍ ലോക്കല്‍ സെക്രട്ടറി എം.കെ. ബൈജുവും ഏഴുലക്ഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വാങ്ങിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതോടെ പ്രാഥമിക അന്വേഷണം നടത്തി ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി കൂടുതല്‍ അന്വേഷണത്തിന് കമ്മറ്റിയെ ചുമതലപ്പെുത്തി. ഏരിയാകമ്മിറ്റി യോഗം കമ്മിറ്റി അംഗങ്ങളായ ടി. സുധാകരന്‍, ടി.ആര്‍. ഹിരണ്‍ എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

സ്ഥാനാര്‍ഥികളില്‍നിന്ന് തിരഞ്ഞെടുപ്പ് ചെലവിനും പ്രചാരണത്തിനുമായി പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ പണം വാങ്ങുന്ന രീതിയില്ല. ലിസിയെ മേയര്‍ സ്ഥാനാര്‍ഥിയായാണ് പാര്‍ട്ടി ഉയര്‍ത്തിക്കാണിച്ചത്. ലിസി കോര്‍പ്പറേഷന്‍ പരിധിയിയിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടു. കോണ്‍ഗ്രസിലെ ലാലി ജയിംസ്, 1527 വോട്ട് എന്ന കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷവും നേടി.

ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ ടി. സുധാകരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സംസ്ഥാന-ജില്ലാ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി അനൂപ് ഡേവീസ് കാട ഏരിയാ പരിധിയിലെ കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെ അവലോകനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജന്‍ പ്രസംഗിച്ചു.

അതേസമയം തിരഞ്ഞെടുപ്പിനായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ പണം നല്‍കിയിട്ടില്ലെന്ന് സ്ഥാനാര്‍ഥിയായിരുന്ന നോവലിസ്റ്റ് ലിസി പ്രതികരിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ചതിനാല്‍ മത്സരത്തിനായി പണം നല്‍കാനാകില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു. അതു പ്രകാരമാണ് സ്ഥാനാര്‍ഥിയായത്. പ്രാദേശിക നേതാക്കള്‍ക്ക് പണം നല്‍കിയോ എന്ന അന്വേഷണം പാര്‍ട്ടിതലത്തില്‍ നിന്നുണ്ടായപ്പോള്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയതെന്നും ലിസി പറഞ്ഞു.

Tags:    

Similar News