'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്...'; ആരോഗ്യ മന്ത്രിയെ വിമര്‍ശിച്ചു പോസ്റ്റിട്ട ജോണ്‍സണ്‍ തെറിച്ചു; ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗം എന്‍ രാജീവിനെ തരംതാഴ്ത്തി; വീണയെ വിമര്‍ശിച്ചാല്‍ സിപിഎം വിടമാട്ടേന്‍; പത്തനംതിട്ട സിപിഎമ്മില്‍ വെട്ടിനിരത്തല്‍
'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല
പത്തനംതിട്ട: രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട വകുപ്പ് ആരോഗ്യവകുപ്പാണ്. നിരവധി വീഴ്ച്ചകള്‍ കാരണം വിമര്‍ശനങ്ങളുടെ പെരുമഴ തന്നെയാണ് ആരോഗ്യവകുപ്പ് നേരിട്ടത്. മന്ത്രിയുടെ വീഴ്ച്ചകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുകള്‍ ശക്തമായിരുന്നു. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ വീണ ജോര്‍ജ്ജിന് പിന്തുണയാണ് കിട്ടിയത്. പരസ്യമായി വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ പാര്‍ട്ടി വെട്ടിനിരത്തല്‍ ശൈലിയാണ് പുറത്തെടുത്തത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ഉന്നയിച്ച പത്തനംതിട്ടയിലെ നേതാക്കള്‍ക്ക് എതിരെ കടുത്ത നടപടിയാണ് സിപിഎം സ്വീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തിലാണ് നേതാക്കള്‍ വിമര്‍ശനവുമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഏറെ നാളായി ജില്ലയില്‍ നിലനിന്നിരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഈ സംഭവങ്ങള്‍. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗം എന്‍ രാജീവിനെ തരംതാഴ്ത്തി. വള്ളംകുളം ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാനും മുന്‍ ജില്ലാ സെക്രട്ടറി അനന്തഗോപന്റെ സഹോദരന്റെ മകനുമാണ് രാജീവ്. പോക്സോ കേസ് അട്ടിമറി പരാതിയിലാണ് രാജീവിനെ സി.ഡബ്ല്യു.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതില്‍ തന്നെ മന്ത്രി വീണ ജോര്‍ജുമായി അകല്‍ച്ചയിലായിരുന്നു.
ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ ആണ് അച്ചടക്കനടപടി നേരിട്ട മറ്റൊരു നേതാവ്. ജോണ്‍സനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് നടപടി. 'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്...' എന്നാണ് ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഏറെ നാളായി പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാണ്. സംസ്ഥാന സമിതിയില്‍ വീണ ജോര്‍ജിനെ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവായ എ പത്മകുമാര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍ സലാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വീണ ജോര്‍ജിന് അമിതമായ പരിഗണന ലഭിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.