നവകേരളത്തെ നയിക്കാന്‍ പണമില്ലാതെ തരമില്ല; ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസും, സെസും, സര്‍ചാര്‍ജും ചുമത്തും; എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കും; പൊതുമേഖലയിലും സ്വകാര്യ പങ്കാളിത്തം; മുന്‍കാല എതിര്‍പ്പുകളെ എല്ലാം അലിയിച്ച് സുപ്രധാന നയം മാറ്റവുമായി സിപിഎം കൊല്ലം സമ്മേളനം
മുന്‍കാല എതിര്‍പ്പുകളെ എല്ലാം അലിയിച്ച് സുപ്രധാന നയം മാറ്റവുമായി സിപിഎം കൊല്ലം സമ്മേളനം
കൊല്ലം: സിപിഎം ഇതുവരെ പിന്തുടര്‍ന്നിട്ടില്ലാത്ത വിധം നയം തിരുത്തി പുതുവഴിക്ക് നീങ്ങാനാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിലെ തീരുമാനം. എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക എന്ന സുപ്രധാന നയം മാറ്റമാണ് നയരേഖ വഴി സിപിഎം മുന്നോട്ടു വയ്ക്കുന്നത്.
ചരടില്ലാത്ത ഏത് മൂലധനനിക്ഷേപവും സ്വീകരിക്കുക, പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുക, ഫീസും സര്‍ചാര്‍ജും വരുമാനം അനുസരിച്ച് കൂട്ടുക- നവകേരളത്തിനായി സി.പി.എം. മുന്നോട്ടുവെക്കുന്ന പുതുമകള്‍ ഇവയാണ്. നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയുടെ ആദ്യദിവസത്തെ ചര്‍ച്ചയും ഈ ദിശയിലാണ് നീങ്ങിയത്. പൊതുവികസനവും ക്ഷേമവും ഉറപ്പാക്കണമെങ്കില്‍ പുതിയ വിഭവസമാഹരണം കണ്ടെത്തിയേ മതിയാകൂവെന്ന് സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു.
പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമാണ് നയംമാറ്റം. സ്വകാര്യ നിക്ഷേപത്തോട് സിപിഎമ്മിന് ഇതുവരെ ഉണ്ടായ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന നയരേഖ. സ്വകാര്യ പങ്കാളികള്‍ക്ക് വാതില്‍ തുറക്കുമ്പോള്‍ വരുമാനമുണ്ടാക്കാന്‍ ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
നയംമാറ്റമാണെന്നത് അംഗീകരിക്കുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്താക്കിയത്. വിഭവ സമാഹരണമാണ് കേരളം ഉയര്‍ത്തുന്ന ബദല്‍ മാതൃകയെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. കേന്ദ്രം അധികവിഭവ സമാഹരണത്തിന് സെസുകളും സര്‍ചാര്‍ജുകളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.
തുടര്‍ ഭരണം മാത്രമാണ് നയം മാറ്റത്തിന്റെ ലക്ഷ്യം. സ്വകാര്യ സര്‍വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സ്വകാര്യ നിക്ഷേപത്തിന് വാതില്‍ തുറന്നിടുമ്പോള്‍ ജനങ്ങളെ വരുമാനം നോക്കി തരം തിരിച്ച് എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കിയും ഏറെ കാലമായി ഫീസ് വര്‍ധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും നയരേഖ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പലമേഖലകളില്‍ സെസ് എര്‍പ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയില്‍ പറയുന്നു.
വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയില്‍ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്റെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകയില്‍ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്. നയരേഖയക്ക് സമ്മേളനത്തിന്റെ അംഗീകാരം വാങ്ങി വ്യവസായിക മേഖലയിലേക്ക് അടുത്ത ഒരു വര്‍ഷം കൊണ്ട് വന്‍ തോതില്‍ സ്വകാര്യ മൂലധനം കൊണ്ടുവരികയാണ് ലക്ഷ്യം.
ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കുന്നതും പരിഗണിക്കും. വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നിദേശവും നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.
എം വി ഗോവിന്ദന്‍ പറഞ്ഞത്
പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തിയില്ലെങ്കില്‍ കേരളം മുരടിക്കുമെന്ന് സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ നയം വ്യക്തമാക്കി. വിഭവസമാഹരണം കൂട്ടിയേ മതിയാകൂ. മൂലധന നിക്ഷേപം ഏത് തരത്തിലായാലും സ്വീകരിക്കുക എന്നതാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ മുന്നോട്ടുവച്ചിട്ടുള്ള കാഴ്ചപ്പാട്. ചരടുകളില്ലാത്ത മൂലധന നിക്ഷേപങ്ങളെ രാജ്യത്തിന്റെ താത്പര്യത്തിനായി ജനങ്ങളുടെ താത്പര്യത്തിന് വേണ്ടി ഫലപ്രദമായിട്ട് ഉപയോഗിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അപ്പോഴും ജനങ്ങളുടെ താത്പര്യത്തിന് എതിരായ ഒന്നുംതന്നെ ഇക്കാര്യത്തിലുണ്ടാവില്ലെന്നും പാര്‍ട്ടി പറയുന്നു.
പൊതുവായ വളര്‍ച്ചയിലൂടെ പുതിയ ദിശയിലേക്ക് നയിക്കാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആഭ്യന്തര വിഭവസമാഹരണം വര്‍ധിപ്പിക്കുക എന്നത് കേരളം മുന്നോട്ടുവെക്കുന്ന ബദല്‍ നയത്തിന്റെ ഭാഗമാണ്. പൊതുമേഖലസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും നാടിന്റെ വികസനത്തിനായി കൈകോര്‍ക്കണം എന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ലൈഫില്‍ അഞ്ച് ലക്ഷം വീടുകള്‍ നല്‍കി. ഇനിയും നല്‍കാനുണ്ട്. അതില്‍ സഹകരണസ്ഥാപനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന്, അവിടെനിന്നുള്ള പണംകൂടി ഉപയോഗപ്പെടുത്തി സര്‍ക്കാരില്‍നിന്ന് കിട്ടുന്ന ഗ്രാന്റ് കൂടി പിന്നീട് തിരിച്ചുനല്‍കുന്ന സാഹചര്യം വന്നാല്‍ ധാരാളം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണമേഖലയില്‍ സ്വകാര്യവത്കരണത്തിലേക്കുള്ള നയംമാറ്റവും രേഖ മുന്നോട്ടുവെക്കുന്നു. പി.പി.പി. മോഡല്‍ ആണ് മുന്നോട്ടുവെക്കുന്നതെങ്കിലും സ്വകാര്യ പങ്കാളിത്തത്തിന് വഴിയൊരുക്കും എന്നുതന്നെയാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. അതായത്, പൊതുമേഖലയെ ശക്തിപ്പെടുത്തും എന്ന് അവകാശപ്പെടുമ്പോഴും ലാഭത്തിലില്ലാത്തവ ഏറ്റെടുത്ത് നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്ന കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കും. ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തേണ്ടതിന് പ്രാധാന്യം കൊടുക്കും. പുതിയ തലമുറയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ആകര്‍ഷിക്കുന്നതിന് പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജനജീവിതത്തെ തുടര്‍ച്ചയായി മുന്നോട്ടേക്ക് കൊണ്ടുപോകാനാകാതെ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും കഴിയില്ല. അതിന് ആവശ്യമായ പണം വേണം. പണമില്ല എന്നുപറഞ്ഞ് നില്‍ക്കാതെ മുന്നോട്ട് പോയില്ലെങ്കില്‍ മുരടിപ്പാണ് സംഭവിക്കുക. ഇതിനെല്ലാം പണം ആവശ്യമാണ് അതിനുള്ള മാര്‍ഗമാണ് രേഖ മുന്നോട്ടുവെച്ചത്, ഗോവിന്ദന്‍ വ്യക്തമാക്കി
ഏറെക്കാലമായി വര്‍ധനവൊന്നും വരുത്താത്ത നിരവധി മേഖലകളുണ്ട്. അത്തരം മേഖലകളില്‍നിന്ന് വിഭവസമാഹരണത്തിന് ശ്രമിക്കുന്നത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. കേന്ദ്രം അധിക വിഭവസമാഹരണത്തിന് സെസ്സുകളും സര്‍ചാര്‍ജുകളും വ്യാപകമായി ഉപയോഗിക്കുന്നു. കേന്ദ്രനികുതി വരുമാനത്തിന്റെ ഏതാണ്ട് 20 ശതമാനവും ഇങ്ങനെ പിരിക്കുന്നതാണ്. ഇതാകട്ടെ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല. സെസ്സുകള്‍ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നാണ് ഈ ഘട്ടത്തില്‍ പറയുന്നത്. അതുപോലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സമ്പന്ന വിഭാഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ടോ എന്ന ചോദ്യമാണ് അടിസ്ഥാനപരമായി പാര്‍ട്ടി ഉന്നയിക്കുന്നത്.
ദരിദ്രവിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക എന്നതുതന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എല്ലാവരേയും ഒരേപോലെ കാണുക എന്നതല്ല. വരുമാനത്തിന് അനുസരിച്ച് ഫീസ് ഈടാക്കുന്നതിനുള്ള സാധ്യതയേക്കുറിച്ചും ആലോചിക്കാമെന്ന് രേഖ പറയുന്നുണ്ട്. വരുമാനം കണക്കിലെടുത്ത് വേണം അത്ര തുക എന്ന് നിശ്ചയിക്കാന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ വരുമാനത്തിനനുസരിച്ച് ഫീസ് ഈടാക്കുന്ന രീതി ഇപ്പോള്‍ തന്നെ നിലവിലുള്ളതാണ്. അപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഈ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ളത് വിപുലപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക. ഇതെല്ലാം പറയുന്നത് സാധ്യതകളാണ്. ഈ സാധ്യതകളെല്ലാം കൃത്യമായി പരിശോധിച്ച് എല്ലാ മേഖലയിലും ആവശ്യമായ ചര്‍ച്ചനടത്തി എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
വിവിധ മേഖലകളില്‍നിന്നും ഫീസുകളും മറ്റും ലഭിക്കേണ്ടത് കൃത്യമായി കണ്ടെത്തി അതുവഴി വിഭവസമാഹരണം പരിശോധിക്കുന്നതും സ്വാഭാവികമായ നടപടിയാണ്. ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും 70 ശതമാനത്തോളം വിഭവസമാഹരണം കുടിശ്ശിക ഉള്‍പ്പടെ ശേഖരിച്ചതുകൊണ്ടാണ് ട്രഷറി പൂട്ടാതിരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ബദല്‍ ഉയര്‍ന്നുവന്നതിന്റെ ഭാഗമായിട്ടാണ് കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും രൂപപ്പെട്ടത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ ഒന്നും ചെയ്യാനാവില്ല എന്ന നില തുടര്‍ന്നാല്‍ കേരളത്തിന്റെ മുരടിപ്പാണ് അതിന്റെ അവസാനത്തെ ഫലം. പുതുവഴികള്‍ തേടി നമ്മള്‍ സ്വന്തം കാലില്‍നിന്ന് വിജ്ഞാനസമൂഹത്തിന്റെയും വിജ്ഞാന സമ്പദ് വ്യവസ്ഥയുടേയും ഭാഗമായി കേരളത്തെ മുന്നോട്ടേക്ക് നയിക്കുക എന്നുള്ളതാണ്. കേരളം ഒരുതരത്തിലും രക്ഷപെടരുത് എന്ന അതിതീവ്ര വലതുപക്ഷ രീതികളെ വെള്ളപൂശാനാണ് ഇതുവഴി ചല മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഏഴരമണിക്കൂര്‍ ചര്‍ച്ചയാണ് നടക്കുക. 47 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. സമ്മേളനത്തിലെ രണ്ടാം ദിനത്തെ ചര്‍ച്ചകളില്‍ സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉണ്ടായോ എന്ന ചോദ്യത്തിന്, സ്വാഭാവികമായിട്ടും വിമര്‍ശനം വേണ്ടതാണ് ഉയര്‍ന്നുവരും എന്നുതന്നെയാണ് കാണുന്നത് എന്നായിരുന്നു മറുപടി. അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള വിമര്‍ശനമല്ല. വിമര്‍ശനവും സ്വയം വിമര്‍ശനവും വേണം എന്നതാണ് പാര്‍ട്ടി നിലപാട് എന്നാല്‍, പാര്‍ട്ടി സെന്ററിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണ് എന്നുതന്നെയാണ് വിലയിരുത്തലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, കണ്ണൂര്‍ ജില്ലയോട് പ്രത്യേക പക്ഷപാതിത്വമുണ്ടെന്ന രീതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് അദ്ദേഹം തള്ളിക്കളഞ്ഞു.