സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇനി ഇളവ് കിട്ടുമോ? 75 വയസെന്ന പ്രായപരിധി തുടരുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പിണറായിക്ക് നിര്‍ണായകം; കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെങ്കിലും സഹകരണമാകാം; കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും കരട് രാഷ്ട്രീയ പ്രമേയം

സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇനി ഇളവ് കിട്ടുമോ

Update: 2025-02-03 14:57 GMT

ന്യൂഡല്‍ഹി: സിപിഎമ്മിലെ ഭാരവാഹിത്വത്തില്‍, പിണറായി വിജയന് ഇനി ഇളവ് നല്‍കുമോ? 75 വയസാണ് സിപിഎമ്മിലെ പ്രായപരിധി. 75 വയസ് കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നല്‍കിയത് മുഖ്യമന്ത്രി ആയതുകൊണ്ടാണെന്നാണ് പാര്‍ട്ടി ന്യായം. ഇക്കുറി അതുണ്ടാകുമോ? 75 വയസ്സ് പ്രായപരിധി തുടരുമെന്നും പിണറായി വിജയനടക്കം ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്.

24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായി. ബി ജെ പിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കും. ഹിന്ദുത്വ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കും.

പാര്‍ട്ടി കമ്മിറ്റികളിലെ പ്രായപരിധിയില്‍ ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്നാണ് സിപിഎം കരട് പ്രമേയത്തില്‍ പറയുന്നത്.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെങ്കിലും സഹകരണമാകാം. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, വിശാലമായ വിധത്തില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചുനിര്‍ത്താനും കഴിയണം. രാഷ്ട്രീയ സഹകരണം ഇന്ത്യാസഖ്യത്തില്‍ മാത്രം ഒതുങ്ങണമെന്നില്ല. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.

പാര്‍ലമെന്റിന് അകത്തും, പുറത്തും യോജിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായി സഹകരിക്കും. ബിജെപിയെയും ആര്‍എസ്എസിനെയും, അവയ്ക്ക് പിന്തുണ നല്‍കുന്ന ഹിന്ദുത്വ കോര്‍പറേറ്റ് ശക്തികളേയും പരാജയപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ കടമ എന്നും സിപിഎം വ്യക്തമാക്കി.

ബിജെപിയുടെ അതെ വര്‍ഗ്ഗ താത്പര്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന് എതിരെ കോണ്‍ഗ്രസ് സംസാരിക്കും. എന്നാല്‍ മുതാളിത്ത ശക്തികള്‍ക്ക് സഹായകരം ആകുന്ന നവ ലിബറല്‍ നയങ്ങളാണ് പിന്തുടരുന്നത് എന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതെ സമയം പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മറ്റ് മതേതര പാര്‍ട്ടികളുടെ വിശാല ഐക്യത്തിലും, ബിജെപിയ്ക്ക് എതിരായ പോരാട്ടത്തിലും കോണ്‍ഗ്രസിന് നിര്‍ണ്ണായകമായ പങ്ക് ആണ് ഉള്ളത്. മതേതര പാര്‍ട്ടികളുടെ വിശാല ഐക്യം കണക്കിലെടുത്ത് ആകും കോണ്‍ഗ്രസിനോടുള്ള സിപിഎം സമീപനമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ജനാധിപത്യ ധ്വംസനം തടയുന്നതിനും, ഭരണഘടന അട്ടിമറിക്കുന്നത് ചെറുക്കുന്നതിനുമായി എല്ലാ മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്നും സിപിഎം വ്യക്തമാക്കി. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കുമെന്നും സിപിഎം വ്യക്തമാക്കി. ഹിന്ദുത്വ വര്‍ഗീയതയ്ക്ക് എതിരെ മതേതര ജനാധിപത്യ ശക്തികളുടെ വിശാലമായ ഐക്യത്തിന് ശ്രമിക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, വിവിധ പോളിറ്റ് ബ്യുറോ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയത്.

Tags:    

Similar News