മാങ്കുട്ടത്തിലിനെതിരെ പൊട്ടിത്തെറിക്കാന്‍ ഡോ സരിന്‍; പാലക്കാട് ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതനെത്തുമോ? വൈദ്യന്‍ കല്‍പ്പിച്ചതും...... എന്ന സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ സൂചനകള്‍ എന്ത്? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് 11.45നുള്ള പത്ര സമ്മേളനം; അനുനയം തുടര്‍ന്ന് കോണ്‍ഗ്രസ്; ഹൈക്കമാണ്ടിന് സരിന്‍ വഴങ്ങുമോ?

Update: 2024-10-16 04:13 GMT

കോഴിക്കോട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കിലുള്ള പോസ്റ്റില്‍ ചര്‍ച്ച. വൈദ്യന്‍ കല്‍പ്പിച്ചതും....... എന്നായിരുന്നു പൂര്‍ണ്ണമാക്കാത്ത ആ പോസ്റ്റ്. ഇതിന് പിന്നിലെ രാഷ്ട്രീയം ചികയുന്നവര്‍ക്കിടയിലേക്ക് കോണ്‍ഗ്രസ് നേതാവ് ഡോ പി സരിന്റെ പത്ര സമ്മേളന വാര്‍ത്ത എത്തുന്നു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായതിന്റെ പ്രതിഷേധമാണ് സരിന്‍ ഉയര്‍ത്താന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. രാവിലെ 11.45ന് പത്രസമ്മേളനം. സുരേന്ദ്രന്റെ പോസ്റ്റിലെ വൈദ്യന്‍ കല്‍പ്പിച്ചതും.... എന്ന പ്രയോഗം സരിനിലേക്കുള്ള സൂചനയാണോ എന്നാണ് സംശയം. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന സന്ദേശമാണ് സരിന്‍ തനിക്കൊപ്പമുള്ളവര്‍ക്ക് ഇപ്പോഴും നല്‍കുന്നത്. സരിന്‍ ഇടതു സ്വതന്ത്രനായി പാലക്കാട് മത്സരിക്കുമെന്ന അഭ്യൂഹം അടക്കം ശക്തമാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിന്‍ രംഗത്തു വരുമ്പോള്‍ ചര്‍ച്ചകള്‍ പലവിധത്തിലാണ്. പാര്‍ട്ടി അവഗണിച്ചെന്ന് സരിന്‍ പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ 11.30ന് സരിന്‍ മാധ്യമങ്ങളെ കാണും. സരിന്‍ ബിജെപി പക്ഷത്തേക്ക് പോകില്ല. എന്നാല്‍ കോണ്‍ഗ്രസ് വിമതനായി സരിന്‍ മത്സരിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ എങ്കില്‍ പാലക്കാട്ടെ പോര് ചതുഷ്‌കോണമാകും. ഈ ചതുഷ്‌കോണ മത്സരത്തില്‍ ജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. പാലക്കാട്ട ഇടതു സ്വതന്ത്രനായി സരിന്‍ മാറാനും സാധ്യതയുണ്ട്. ഏതായാലും ബിജെപി ഈ നീക്കം മുന്‍കൂട്ടി അറിഞ്ഞുവെന്നാണ് സുരേന്ദ്രന്‍ പോസ്റ്റ് വ്യക്തമാക്കുന്നത്. അതിനിടെയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം നീക്കം. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിലേക്ക് പാലക്കാടിനെ എത്തിക്കാനാണ് സിപിഎം നീക്കം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ സരിന്‍ എന്നൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്‍, വിടി, ബല്‍റാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നേതൃത്വം പരിഗണിച്ചിരുന്നത്. ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മര്‍ദമാണ് പത്തനംതിട്ടയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇവരുടെ എല്ലാ പിന്തുണയും പ്രതീക്ഷിച്ചാണ് സരിന്റെ നീക്കം.

ഡോ. പി സരിനോ വിടി ബല്‍റാമോ സ്ഥാനാര്‍ഥി ആകുന്നതില്‍ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പെല്ലാം മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. അതിനോടുള്ള പ്രതിഷേധം സരിന്‍ പ്രകടിപ്പിക്കും. അതിനിടെ പിവി അന്‍വറും പാലക്കാട് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയായി സരിന്‍ എത്തുമെന്ന അഭ്യൂഹവും സജീവം. ഏതായാലും സരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാണ്ടും വിഷയത്തില്‍ സജീവമായി ഇടപെടും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അനുനയത്തിന് രംഗത്തുണ്ട്. പാലക്കാട് കോണ്‍ഗ്രസ് വിജയം ഉറപ്പാണെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ വിമത നീക്കം ഒഴിവാക്കാനാണ് ശ്രമം.

ഡോ പി സരിന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണ്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാനാര്‍ത്ഥിത്വം പിന്തുടര്‍ച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവര്‍ പറഞ്ഞിരുന്നു. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടായിരുന്നു. ഇതും കോണ്‍ഗ്രസ് പരിഗണിച്ചു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Tags:    

Similar News