ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം, പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി; എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരെ പങ്കെടുപ്പിക്കാത്തത് സി.പി.എം അണികളില്‍ ചര്‍ച്ചയാകുന്നു; ഇപിയുടെ ഇതാണെന്റെ ജീവിതത്തില്‍ മറയില്ലാതെ തുറന്നു പറച്ചില്‍

ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം, പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി

Update: 2025-11-03 17:40 GMT

കണ്ണൂര്‍: പാര്‍ട്ടിക്ക് തലവേദനയായി മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന്റെ പുസ്തക പ്രകാശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കണ്ണൂരിലുണ്ടായിട്ടും പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ തളിപറമ്പ് മണ്ഡലത്തിലെ വിവിധ ഔദ്യോഗിക പരിപാടികളില്‍ സജീവമായിരുന്നു എം.വി ഗോവിന്ദന്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.വി ജയരാജന്‍ കണ്ണുരിലുണ്ടായിരുന്നുവെങ്കിലും പുസ്തക പ്രകാശനവേദിയിലെത്തിയില്ല.

തിങ്കളാഴ്ച്ച രാവിലെ സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തി ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ എം.വി ജയരാജനു മുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനും ഈ പരിപാടിയില്‍ പങ്കെടുത്തുവെങ്കിലും പുസ്തക പ്രകാശനവേദിയിലെത്തിയില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി'ബി.ജെ.പി നേതാവും മുന്‍ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എം.വി ശ്രേയസ് കുമാര്‍,കഥാകൃത്ത് ടി. പത്മനാഭന്‍തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്ത പരിപാടിയിലാണ് ഉന്നത നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായത്.

ഇതിനിടെ ആത്മകഥയില്‍ വിട്ടുപോയ കാര്യങ്ങള്‍ തുടര്‍ന്നും മറ്റൊരു പുസ്തകത്തിലൂടെ പ്രസിദ്ധീകരിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇ.പിയുടെ ഇതാണെന്റെ ജീവിതം ആത്മകഥയുടെ പ്രകാശന വേളയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. താനുമായി ബന്ധപ്പെട്ട ഒട്ടേറെ പേര്‍ പറഞ്ഞ കാര്യങ്ങളുണ്ട്. അതൊക്കെ ഇതില്‍ വരേണ്ടതാണ്.

ഒട്ടേറെ സംഭവങ്ങളും തുറന്നു പറച്ചിലുകളും ഇനിയും ബാക്കിയുണ്ട്. അതൊക്കെ ചേര്‍ത്തുള്ള രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുമെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കി. എല്‍.ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനെടുത്ത തീരുമാനത്തില്‍ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായി ഇ.പി. ജയരാജന്‍ ഇതാണെന്റെ ജീവിതമെന്ന ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.. താന്‍ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്താല്‍ വിഷയം ചര്‍ച്ച ചെയ്തു. ഇതിലെ വിഷമമാണ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

പാര്‍ട്ടി തീരുമാനം തുറന്ന മനസോടെ താന്‍ അംഗീകരിച്ചതായും ഇപി ജയരാജന്‍ വ്യക്തമാക്കി. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച്ച ഒന്നര വര്‍ഷം മുന്‍പ് നടന്നതാണ്. മകനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമമുണ്ടായി. ഒരു വിവാഹ സ്ഥലത്ത് നിന്ന് മകനെ കണ്ട ശോഭാ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയതിന് ശേഷം പിന്നെ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നി. പിന്നെ അവന്‍ ഫോണ്‍ എടുത്തില്ല. താന്‍ പാര്‍ട്ടി വിടുന്ന കാര്യത്തെ കുറിച്ചു സ്വപനത്തില്‍പ്പോലും ചിന്തിച്ചിട്ടില്ല.

പിന്നെ ഞാന്‍ മരിച്ചു വാണെന്ന് അര്‍ത്ഥം. വൈദേകം റിസോര്‍ട്ട് വിഷയത്തില്‍ പി.ജയരാജന്‍ തനിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ സ്വകാര്യ കമ്പി നിയേ സഹകരണ സ്ഥാപനം പോലെ സഹായിക്കാന്‍ പാടുണ്ടോയെന്ന് മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് പി. ജയരാജന്‍ വ്യക്തമാക്കി. വിവാദം ഉയര്‍ന്ന സമയം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയെങ്കില്‍ വ്യക്തിപരമായ അധിക്ഷേപം നിലനില്‍ക്കുമായിരുന്നില്ലെന്ന് ഇ.പി ജയരാജന്‍ ആത്മകഥയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News