ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാന്‍ കഴിയുമെന്ന ചോദ്യം നിര്‍ണ്ണായകമായി; ഇതോടെ ഒരു സ്‌റ്റെപ്പ് പിന്‍വലിഞ്ഞു; പിണറായിയുടെ അടുത്തെത്തിക്കാനുള്ള തിരക്കഥ കോണ്‍ഗ്രസ് പൊളിച്ചത് കോയമ്പത്തൂരില്‍; സന്ദീപിനെ അടുപ്പിച്ച രാഷ്ട്രീയം വെളിപ്പെടുത്തി ഹരി ഗോവിന്ദന്‍

Update: 2024-11-18 03:42 GMT

പാലക്കാട്: സന്ദീപ് വാരിയരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച രഹസ്യ ചോദ്യം വെളിപ്പെടുത്തുകയാണ് ഹരിഗോവിന്ദന്‍.സന്ദീപ് വാരിയരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച ചര്‍ച്ചകളുടെ ഇടനിലക്കാരന്‍ ഹരിഗോവിന്ദനായിരുന്നു. അധ്യാപക സംഘടനാ നേതാവ്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വവും വിശദീകരിച്ചിരുന്നു. ബെന്നി ബെഹന്നാനും ഹരിഗോവിന്ദനുമാണ് ആ അംഗീകാരം കോണ്‍ഗ്രസ് നല്‍കിയത്. പിന്നാലെയാണ് ഹരിഗോവിന്ദന്‍ സംഭവം പറയുന്നത്.

ചര്‍ച്ച ആരംഭിച്ചത് ബുധനാഴ്ച രാത്രിയായിരുന്നു.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാന്‍ കഴിയുമെന്ന ചോദ്യം ഈ നീക്കത്തില്‍ നിര്‍ണ്ണായകമാണ്. ആ ചോദ്യം സന്ദീപിനെ വിഷമിപ്പിച്ചുവെന്ന് ഹരിഗോവിന്ദന്‍ പറയുന്നു. സന്ദീപ് ചോദിക്കുന്നത് പാര്‍ട്ടി നല്‍കണം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് സന്ദീപിനെ കൊണ്ടുപോകാനായിരുന്നു സിപിഎം പദ്ധതി. അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ശേഷം സന്ദീപിന്റെ സിപിഎം പ്രവേശനം എന്നായിരുന്നു അവരുടെ തീരുമാനം. അതാണ് പൊളിച്ചതെന്ന് ഹരിഗോവിന്ദന്‍ പറയുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ കമലിനു പകരമായി ഓപ്പറേഷന്‍ ഹസ്ത എന്നാണ് വിശദീകരിക്കുന്നത്.

സന്ദീപിന്റെ അമ്മ എനിക്കൊപ്പം ഞങ്ങളുടെ അധ്യാപക സംഘടനയിലെ പ്രവര്‍ത്തകയായിരുന്നു. അവരുമായി നല്ല ബന്ധമായിരുന്നു. സന്ദീപ് ബിജെപിയില്‍ ഉള്ളപ്പോഴും അവരുടെ വീട്ടില്‍ ഞാന്‍ സ്ഥിരമായി പോകുമായിരുന്നു. അമ്മ അസുഖമായി കിടന്നപ്പോഴും പലപ്പോഴും കാണാന്‍ പോയിരുന്നു. സന്ദീപിന്റെ കുടുംബം കോണ്‍ഗ്രസാണ്. നിങ്ങള്‍ സിപിഎമ്മിലേക്ക് അല്ല കോണ്‍ഗ്രസിലേക്കാണ് വരേണ്ടതെന്ന് ഞാന്‍ സന്ദീപിനോട് പറഞ്ഞു. അത് സന്ദീപ് അംഗീകരിച്ചുവെന്ന് ഹരിഗോവിന്ദന്‍ പറയുന്നു.

സിപിഎമ്മിലേക്ക് പോകാമെന്ന് പറഞ്ഞില്ലെങ്കിലും സിപിഎം നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാന്‍ കഴിയുമെന്ന് ഞാന്‍ ചോദിച്ചു. അധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സന്ദീപ് തന്നെ ചിന്തിക്കണമെന്ന് ഞാന്‍ പറഞ്ഞു. ആ ചോദ്യം അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു. അങ്ങനെയാണ് സിപിഎം നേതാക്കളുമായുള്ള സംസാരത്തില്‍ നിന്നും അദ്ദേഹം പിന്മാറിയതെന്ന് ഹരിഗോവിന്ദന്‍ പറയുന്നു. ബുധനാഴ്ച രാത്രിയാണ് ആദ്യ ചര്‍ച്ച നടന്നത്. മാരത്തോണ്‍ ചര്‍ച്ചകളായിരുന്നു. ശനിയാഴ്ച രാവിലെ സന്ദീപ് കോണ്‍ഗ്രസിലേക്കെത്തിയെന്നും പറയുന്നു.

ഞാന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ സന്ദീപ് നാട്ടില്‍ ഇല്ലായിരുന്നു. അദ്ദേഹം ബെംഗളൂരുവിലായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടേക്ക് പോകാന്‍ സമയമില്ലായിരുന്നു. അങ്ങനെയാണ് ചര്‍ച്ച കോയമ്പത്തൂരിലായത്. ഞാനും എഐസിസി സെക്രട്ടറി മോഹനനുമാണ് കോയമ്പത്തൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. പിന്നീട് ചര്‍ച്ച പാലക്കാടും. മുഖ്യമന്ത്രിയുടെ അടുത്തേക്ക് സന്ദീപിനെ കൊണ്ടുപോകാനായിരുന്നു സിപിഎം പദ്ധതി. അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ശേഷം സന്ദീപിന്റെ സിപിഎം പ്രവേശനം എന്നായിരുന്നു സിപിഎം തിരക്കഥ. ആ തിരക്കഥയാണ് ഞങ്ങള്‍ പൊളിച്ചത്.

മുഖ്യമന്ത്രി താമസിച്ച ഹോട്ടലിലാണ് ദീപാ ദാസ് മുന്‍ഷി താമസിക്കുന്നത്. അങ്ങനെയാണ് അവിടെ ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി ഹോട്ടലില്‍ എത്തുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഞങ്ങള്‍ അവസാന പദ്ധതി തയാറാക്കിയത്-ഹരി ഗോവിന്ദന്‍ പറയുന്നു.

Tags:    

Similar News