വഖഫ് ഭേദഗതിയിലെ കോണ്‍ഗ്രസ് നിലപാട് പ്രതിഷേധം; ഇടുക്കി ഡിസിസി സെക്രട്ടറി രാജി വെച്ചു; മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്; ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് ബെന്നി പെരുവന്താനം
ഇടുക്കി ഡിസിസി സെക്രട്ടറി രാജി വെച്ചു
ഇടുക്കി: വഖഫ് ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് ബെന്നി പെരുവന്താനം ആരോപിക്കുന്നത്. ഇത് തിരുത്തണമെന്ന് പാര്‍ട്ടി കമ്മറ്റികളില്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന് എതിരാണ് പാര്‍ട്ടിയുടെ ഈ നിലപാട്. അതിനെതിരെയുള്ള പ്രതിഷേധം ഞാന്‍ അറിയിക്കുകയാണ്. പല വേദികളില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞു. പാര്‍ട്ടി കമ്മറ്റികളില്‍ പറഞ്ഞു. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഡിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചു.
കെസിബിസിയും കത്തോലിക്കാ സഭ സംഘടനകള്‍ മുഴുവന്‍ പറയുന്ന കാര്യങ്ങളോട് വളരെ മോശമായ നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്, ബെന്നി പെരുവന്താനം പറഞ്ഞു. മുനമ്പം വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് തെറ്റെന്നും ബെന്നി പറഞ്ഞു. മുമ്പും ബെന്നി പെരുവന്താനം വിവാദത്തില്‍ ചാടിയിട്ടുണ്ട്. അമല്‍ ജ്യോതി കോളേജില്‍ മകള്‍ അലോഖ നടത്തിയ വിവാദ പ്രസംഗം ഡിസിസി ബെന്നി നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു അലോഖയുടെ പ്രസംഗം.
അമല്‍ ജ്യോതി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു ഈ പ്രസംഗം. നേരത്തെ സമരത്തില്‍ വര്‍ഗീയത ആരോപിച്ച് അലോഖ ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പൊതുവേദികളിലും ഇതേ വാദങ്ങള്‍ അലോഖ ആവര്‍ത്തിക്കുകയായിരുന്നു.
പ്രത്യേക വിഭാഗത്തില്‍ പെട്ട ആളുകള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടത്തുന്ന നീക്കമാണ് സമരമെന്നായിരുന്നു പ്രസംഗത്തിലെ ആരോപണം. അമല്‍ ജ്യോതി കോളേജ് വന്നതോടെ മറ്റു കോളേജുകള്‍ക്ക് നഷ്ടമുണ്ടായി. ഇതാണ് കോളേജിനെ ടാര്‍ഗറ്റ് ചെയ്യാന്‍ കാരണമെന്നും അലോഖ പറഞ്ഞിരുന്നു. എന്നാല്‍ പ്രസംഗം ബെന്നി പെരുവന്താനം പങ്കുവെച്ചതോടെ വ്യാപക വിമര്‍ശനം ഉണ്ടായി. പിന്നാലെ തന്നെ ബെന്നി മാപ്പ് പറയുകയും ചെയ്തിരുന്നു. 2023 ജൂണിലായിരുന്നു സംഭവം.