വഖഫ് ഭേദഗതി നിയമത്തിനെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി; വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം; പൗരന്റെ വിശ്വാസം സംരക്ഷിക്കേണ്ട കാവല്‍ക്കാര്‍ കൈയേറ്റക്കാരാവുന്നു; സുപ്രിംകോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കാമെന്ന് സാദിഖലി തങ്ങള്‍

വഖഫ് ഭേദഗതി നിയമത്തിനെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി;

Update: 2025-04-16 16:27 GMT

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ പങ്കെടുപ്പിച്ചു് റാലിയുമായി മുസ്ലിംലീഗ്. കാവല്‍ക്കാരന്‍ തന്നെ കൈയേറുന്ന സ്ഥിതിവിശേഷമാണ് വഖ്ഫ് നിയമഭേദഗതിയിലൂടെ രാജ്യത്തുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ബിജെപി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് സാദിഖലി തങ്ങള്‍ ഉന്നയിച്ചത്.

എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ വഖ്ഫ് നിയമ ഭേദഗതിയിലൂടെ അത് ഇല്ലാതായിരിക്കുകയാണ്. പൗരന്റെ വിശ്വാസത്തെ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കാവല്‍ക്കാര്‍ ആകേണ്ട ഭരണകൂടം ഇവിടെ കൈയേറ്റക്കാരാവുകയാണെന്ന് സാദിഖലി പറഞ്ഞു.

വഖ്ഫ് ഭേദഗതി നിയമം വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി. ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളുണ്ടായിട്ടില്ല. നിയമ നിര്‍മാണ സഭയെ അധഃപതിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരായ പരീക്ഷണ നിയമമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമം.

രാജ്യത്തിന്റെ ഭരണഘടനയെ ചെറുതാക്കുന്ന നിയമമാണിത്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ പാരമ്പര്യത്തിന് എതിരാണിത്. ബഹുസ്വരതയുടെ കാവല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ആയുധമാക്കുകയാണ്. ഫാസിസം അവര്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ശത്രുകളായി കാണുകയാണ്. ഇപ്പോള്‍ അവര്‍ മുസ്ലിംകള്‍ക്ക് എതിരെയാണ്. ഇനിയും അവര്‍ ഇഷ്ടമില്ലാത്ത മറ്റുള്ളവര്‍ക്കെതിരെ തിരിയും എന്നത് എല്ലാവരും തിരിച്ചറിയണം. ഇതിനെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം. ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരും. സുപ്രിംകോടതിയില്‍ നിന്നും തികച്ചും നീതി നമുക്ക് പ്രതീക്ഷിക്കാം. പോരാട്ടം തുടരുന്നതിനുള്ള ആവേശവും പണയും നല്‍കുന്നതാണ് ഈ റാലിയെന്നും തങ്ങള്‍ പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധം അവഗണിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കില്‍ അതിനെ ജനാധിപത്യപരമായി ചെറുക്കും. സുപ്രീംകോടതി ബുധനാഴ്ച വാദികളുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ന് മുസ്‌ലിംകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ നാളെ ആര്‍ക്കെതിരിലും ഇത്തരം കരിനിയമങ്ങള്‍ ചുട്ടെടുക്കാം.

മുനമ്പം വിഷയത്തില്‍ സാമുദായിക ധ്രുവീകരണം ഉണ്ടായിക്കൂടാ. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിഷയം ദുരുപയോഗം ചെയ്യുകയാണ്. ലീഗ് മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ്. അവിടെ സാമുദായിക സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വിഷയത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള ആശയവിനിമയം തുടരുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്ത് നിരന്തരം കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാറെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന്റെ പോരാട്ടങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗൗഡ കുറ്റപ്പെടുത്തി.

മുനമ്പം വിഷയത്തില്‍ കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അതേനയംതന്നെയാണ് സംസ്ഥാന സര്‍ക്കാറും പയറ്റുന്നത്. പ്രശ്‌നം എങ്ങനെ പരിഹരിക്കാതിരിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മോദിക്ക് ആളെ കൂട്ടുകയാണ് അവര്‍. മതേതരത്വത്തിന്റെ കരുത്തുകൊണ്ട് അതിനെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വഖഫ് സംരക്ഷണത്തിനായി മുസ്‌ലിം ലീഗ് നടത്തിയ മഹാറാലിയില്‍ കടപ്പുറം ജനസാഗരമായി. വന്‍ ജനാവലിയാണ് ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്തത്. ഉച്ചമുതല്‍ തന്നെ കടപ്പുറത്തേക്കുള്ള വഴികളിലൂടെയെല്ലാം ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി വനിതകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. വൈകീട്ട് നാല് മണിയോടെ കാലുകുത്താന്‍ ഇടമില്ലാത്ത വിധം കടപ്പുറം നിറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിരുന്നു.

ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, കെ.പി.എ. മജീദ് എം.എല്‍.എ, അബ്ബാസലി തങ്ങള്‍, റഷീദലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, കെ.എം. ഷാജി എന്നിവരും സംസാരിച്ചു. ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

Tags:    

Similar News