'ശബരിമലയില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ല; ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ്ങിന് അവസരം നല്‍കണമെന്നും ദുശ്ശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുത്'; സര്‍ക്കാറിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം
ശബരിമലയില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ല
കോഴിക്കോട്: സ്‌പോട്ട് ബുക്കിംഗ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയേയും സര്‍ക്കാറിനെയും വിമര്‍ശിച്ചാണ് ജനയുഗം രംഗത്തുവന്നത്. ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ്ങിന് അവസരം നല്‍കണമെന്നും ദുശ്ശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുതെന്നും ലേഖനത്തില്‍ പറയുന്നു. വൈകാരിക വിഷയങ്ങളില്‍ കടുംപിടിത്തം പാടില്ലെന്നും ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു.
'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്...' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം. ''ദുശ്ശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തില്‍ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ ദര്‍ശനത്തിന് വെര്‍ച്വല്‍ ബുക്കിങ് മാത്രം പോരെന്നും സ്‌പോട്ട് ബുക്കിങ് കൂടി വേണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. ദര്‍ശനത്തിനുള്ള പരിഷ്‌കാരം ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെ എതിര്‍പ്പിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രംഗം തണുപ്പിക്കാന്‍ വരട്ടെ, നോക്കട്ടെ എന്നു പോലും പറയാതെ നിലപാടെടുത്തപ്പോള്‍ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വാസവന്‍ പറയുന്നത് ഒരു കാരണവശാലും സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നാണ്. ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടേ'' -എന്നിങ്ങനെയാണ് ലേഖനത്തിലെ പരാമര്‍ശം.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടാന്‍ കാരണമായത് ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും കാരണമായെന്ന് എല്‍.ഡി.എഫ് വിലയിരുത്തലുണ്ടായിരുന്നു. ഇതിനു പിന്നാലെ തെറ്റുതിരുത്തല്‍ നടപടിയും മുന്നണി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ഇത്തവണ സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനവുമായി സര്‍ക്കാറും ദേവസ്വം ബോര്‍ഡും മുന്നോട്ടുപോകുന്നത്. ഈ നിലപാടിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി തന്നെ രംഗത്തുവന്നിരുന്നു. ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് നീക്കമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയെങ്കിലും സ്‌പോട്ട് ബുക്കിങ് വേണമെന്ന ആവശ്യം തന്നെയാണ് സി.പി.ഐയും മുന്നോട്ടുവെക്കുന്നത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഭക്തരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അല്ലാത്ത പക്ഷം സംഘപരിവാര്‍ സംഘടനകള്‍ മുതലെടുപ്പിന് ശ്രമിക്കുമെന്നും പിടിവാശി ഒഴിവാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സ്‌പോട്ട് ബുക്കിങ് ഇല്ലെന്ന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതിനുള്ള മറുപടി എന്ന നിലയില്‍ കൂടിയാണ് ജനയുഗത്തില്‍ വന്ന ലേഖനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.