ബിസിനസ് മീറ്റ്, റാങ്ക് ആന്‍ഡ് ഫയല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തല്‍; സംഘടനയെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാക്കണ്ട; ഷാഫി-രാഹുല്‍ കാലത്ത് യൂത്ത് കോണ്‍ഗ്രസില്‍ അനഭിലഷണീയ പ്രവണതകള്‍ കടന്നുകൂടിയെന്ന് ആലപ്പുഴ ജില്ല കമ്മിറ്റി
യൂത്ത് കോണ്‍ഗ്രസില്‍ അനഭിലഷണീയ പ്രവണതകള്‍ കടന്നുകൂടിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റി
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവ്. ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും നേതൃത്വകാലയളവില്‍ സംഘടനയില്‍ അനഭിലഷണീയ പ്രവണതകള്‍ കടന്നുകൂടിയെന്നാണ് പ്രധാനമായും ഉയര്‍ന്ന ആരോപണം.
യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ക്യാമ്പ് എക്സിക്യുട്ടീവില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ക്ക് കച്ചവടസ്വഭാവമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെയും സംഘടനാ മീറ്റുകളെ തെറ്റായി അഭിസംബോധന ചെയ്യുന്നതിലുള്ള ജാഗ്രതക്കുറവിനെതിരെയും ശക്തമായ താക്കീത് നല്‍കി.
'സംഘടനാപരമായി അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. ഓരോരുത്തരും സ്വയം ചിന്തിക്കുന്നതോടൊപ്പം കഴിഞ്ഞ അര ദശാബ്ദത്തിലായി സംഘടനയില്‍ അനഭിലഷണീയമായി കടന്നുവന്ന പുട്ടിന് പീര ചേര്‍ക്കുന്നത് പോലെയുള്ള ബിസിനസ് മീറ്റ്, റാങ്ക് ആന്‍ഡ് ഫയല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തലാണ് എന്ന് കമ്മിറ്റി വിലയിരുത്തുന്നു' -എന്നാണ് പ്രമേയത്തിലെ പരാമര്‍ശം.
'താഴെ തട്ടില്‍ പണിയെടുത്തു കടന്നുവന്ന യുവചേതനയുടെ സംഘടനാപരമായ ഒത്തുചേരലുകള്‍, ചര്‍ച്ചകള്‍ എന്നിവ നാളെയുടെ കോണ്‍ഗ്രസിന്റെയും ഈ നാടിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ദിശാ സൂചികകള്‍ ആണ്. അല്ലാതെ ഏതെങ്കിലും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ കോഫി ടേബിള്‍ അല്ല എന്ന് ഓര്‍മിപ്പിക്കുകയാണെന്നും' പ്രമേയത്തില്‍ പറയുന്നു.
ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ട എന്ന് ഒന്നിലധികം തവണ വിധിച്ച സ്ഥാനാര്‍ത്ഥികളെ അവര്‍ക്ക് മേല്‍ വീണ്ടും കെട്ടിവെയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആ പരീക്ഷണങ്ങള്‍ക്കായി ഒഴിച്ചിട്ടവയല്ല ആലപ്പുഴയിലെ നിയമസഭ മണ്ഡലങ്ങളെന്നും നേതൃത്വം തീരുമാനിക്കേണ്ടതുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
2020ലാണ് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. അദ്ദേഹത്തിന് ശേഷം 2023 നവംബറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘടനയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ബലാല്‍സംഗ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാങ്കൂട്ടത്തില്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു
