'നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്; പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല'; ശ്രീനാദേവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹ
നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്
കോഴിക്കോട്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ആര്‍.വി. സ്നേഹ രംഗത്ത്. രാഹുലിനെ പിന്തുണച്ച ശ്രീനാദേവിയെ 'നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്' എന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആര്‍.വി. സ്നേഹ രംഗത്തെത്തിയത്.
'പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല, അതാണ് കോണ്‍ഗ്രസ്. നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്' എന്നാണ് ആര്‍.വി. സ്നേഹ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതിന്റെ രസീതിന്റെ ചിത്രവും ആര്‍.വി. സ്നേഹ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
അടുത്തിടെ സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ ഇവര്‍ രാഹുലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. പീഡനപരാതികളില്‍ അവനൊപ്പമാണെന്നും പ്രതിസന്ധി നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്നുമാണ് ശ്രീനാദേവി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാന്‍ പറ്റില്ല. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇത് പ്രധാന്യംകൊടുക്കേണ്ട വാര്‍ത്ത തന്നെയാണ്. പക്ഷേ, പ്രധാന്യം കൊടുക്കുമ്പോള്‍ ഇത്രയധികം കഥകള്‍ മെനയുമ്പോള്‍, ഇല്ലാക്കഥകള്‍ മെനയുന്നില്ലെന്ന് റിപ്പോര്‍ട്ടമാര്‍ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞു.
താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തില്‍നില്‍ക്കുമ്പോള്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍, അവര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.
അതേസമയം, സൈബര്‍ അധിക്ഷേപം നടത്തിയെന്ന് കാണിച്ച് ശ്രീനാദേവിക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെ തനിക്കെതിരേ വ്യാജ ഉള്ളടക്കമുള്ള പരാതി നല്‍കിയെന്ന് ആരോപിച്ച് ശ്രീനാദേവിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
