ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട..! മുന്നണി മാറ്റം സംബന്ധിച്ച് ആരുമായാണ് ചര്‍ച്ച നടത്തിയത്? പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്; കേരളാ കോണ്‍ഗ്രസ് എവിടെ ഉണ്ടോ, അവിടെ ഭരണമുണ്ട്; എല്‍ഡിഎഫ് മേഖലാ ജാഥയുടെ ക്യാപ്ടന്‍ ജോസ് കെ മാണി ആയിരിക്കും, അതില്‍ സംശയമില്ല; മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളി ജോസ് കെ മാണി

ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട..! മുന്നണി മാറ്റം സംബന്ധിച്ച് ആരുമായാണ് ചര്‍ച്ച നടത്തിയത്?

Update: 2026-01-14 06:44 GMT

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ഇടതു മുന്നണിയില്‍ നിന്നും യുഡിഎഫിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെയാണോ ഉള്ളത്, അവിടെ ഉറച്ചു നില്‍ക്കുമെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ എവിടെയാണ് നടന്നതെന്നും ജോസ് കെ മാണി ചോദിച്ചു. തന്റെ പിതാവിന്റെ സുഹൃത്തിനെ കാണാന്‍ ദുബായില്‍ പോയത്. അവിടെ ഐസിയുവില്‍ കിടക്കുന്ന അദ്ദേഹംത്തെ കുടുംബവുമായി പോയി കാണുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത സമരത്തില്‍ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. തന്റെ അസൗകര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും ജോസ് കെ മാണി പറഞ്ഞു.

എനിക്ക് എല്ലാ ദിവസവും നിലപാട് പറയാന്‍ കഴിയില്ല. ലോകസ്ഭില്‍ 110 സീറ്റില്‍ വിജയിക്കുന്ന നിലയാണ് യുഡിഎഫ് നേടിയത്. തദ്ദേശത്തില്‍ 80 സീറ്റായി. അപ്പോള്‍ അങ്ങനെ നിലപാട് മാറുകയാണ്. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് പ്രസ്‌ക്തിയില്ല. ഇടതു മുന്നണിയുടെ എല്ലാ യോഗത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തുനടന്ന എല്‍ഡിഎഫ് സമരത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതും ഇടതുമുന്നണിയുടെ മധ്യമേഖലാജാഥയെ നയിക്കാന്‍ ജോസ് എത്തില്ലെന്നതും സോണിയാഗാന്ധി ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തയുമെല്ലാം കേരള കോണ്‍ഗ്രസ് ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. 'തുടരും' എന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണന്‍ എംഎല്‍എയും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നു.

മുന്നണിമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം വ്യാപകമായി പ്രചരിച്ചതോടെ ഇത് തള്ളിഫെയ്‌സ്ബുക്ക് കുറിപ്പുമായി ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ കുറിപ്പില്‍ ചില തിരുത്തലുകള്‍ വരുത്തിയതും ചര്‍ച്ചയായി. പാര്‍ട്ടി രാഷ്ട്രീയനിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്' എന്ന ആദ്യത്തെ പോസ്റ്റിലെ പരാമര്‍ശം 'പാര്‍ട്ടിയുടെ രാഷ്ട്രീയനിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്' എന്നടക്കം മാറ്റിയതാണ് വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കിയത്.

അതേസമയം മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകവേ ജോസ് കെ.മാണിയെ ഫോണില്‍ വിളിച്ച് മന്ത്രി വി.എന്‍.വാസവനും നീക്കം നടത്തിയിരുന്നു. മുന്നണിവിടരുതെന്ന് വാസവന്‍ അറിയിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് എം മുന്നണിവിട്ടാല്‍ പാര്‍ട്ടി പിളര്‍ത്താനാണ് സി.പി.എം. നീക്കം. റോഷി അഗസ്റ്റിനും പ്രമോദ് നാരായണനുമായി സി.പി.എം. നേതൃത്വം ആശയവിനിമയം നടത്തി.

അതേസമയം, സോണിയ ഗാന്ധി ജോസ് കെ മാണിയെ ഫോണില്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തുവന്നു. സോണിയ ഗാന്ധി ഒരുതരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. സീറ്റുകളില്‍ ഉപാധി വക്കാതെ വന്നാല്‍ ജോസ് കെ മാണിയെ സ്വീകരിക്കാം എന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്. കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കാന്‍ സോണിയ ഗാന്ധി ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായി തള്ളുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കേരളമെന്നല്ല ഒരു സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സോണിയ ഗാന്ധി ഇടപെടാറില്ല. ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന സോണിയാഗാന്ധി വസതിയില്‍ എത്തിയ ശേഷവും പൂര്‍ണ്ണ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്ത് ഹൈക്കമാന്റിനെ അറിയിക്കേണ്ടത് എന്നുമാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇക്കാര്യം ആവര്‍ത്തിച്ചു.

Tags:    

Similar News