രാഹുലിനെ ന്യായീകരിച്ചത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി! ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ഡിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി; വിവരങ്ങള്‍ തേടി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ വിദേശത്തുള്ള അതിജീവിതയ്ക്ക് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സംഭവത്തിലാണ് വിശദീകരണം തേടിയത്. ശ്രീനാദേവിയുടെ അഭിപ്രായം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ഡിസിസി വിലയിരുത്തല്‍. നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വിവരങ്ങള്‍ തേടി.
രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണം. രാഹുലിനെതിരെ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്
പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ അതിജീവിത ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേ സമയം അതിജീവിതക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ വിദേശത്തുള്ള യുവതിക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്തു എന്നാണ് ശ്രീനാദേവിയുടെ പരാതിയില്‍ പറയുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍, പരാതിക്കാരി എന്ന നിലയില്‍ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് പരാതി നല്‍കിയതെന്നാണ് ശ്രീനാദേവിയുടെ പരാതി.
