റോഷിയുടെ 'തുടരും' പോസ്റ്റ് മാണി ഗ്രൂപ്പിലെ പിളര്‍പ്പിന്റെ സൂചനയോ? ജോസ് കെ. മാണിക്ക് ഡല്‍ഹിയില്‍ നിന്നും സോണിയയുടെ ഫോണ്‍ കോള്‍; എല്‍ഡിഎഫ് ജാഥ നയിക്കാനില്ലെന്ന് ജോസ് അറിയിച്ചെന്നും റിപ്പോര്‍ട്ട്; കെസിയുടെ 'ഓപ്പറേഷന്‍ മടക്കയാത്ര'യ്ക്ക് മാണിയുടെ പുത്രന്‍ പച്ചക്കൊടി കാട്ടുമോ? ജോസ് കെ മാണിയുടെ മൗനം വാചാലമാകുമ്പോള്‍

Update: 2026-01-13 05:09 GMT

കോട്ടയം: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി കേരള കോണ്‍ഗ്രസ് എമ്മില്‍ നാടകീയ നീക്കങ്ങള്‍ മുറുകുന്നു. ജോസ് കെ. മാണി യുഡിഎഫിലേക്ക് ചേക്കേറാന്‍ പച്ചക്കൊടി കാട്ടുമ്പോള്‍, താന്‍ ഇടതുപക്ഷത്ത് തന്നെ 'തുടരുമെന്ന്' പരസ്യമായി പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം 'തുടരും' എന്ന മാസ്സ് ഡയലോഗോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച് റോഷി തന്റെ നിലപാട് വ്യക്തമാക്കിയതോടെ മാണി ഗ്രൂപ്പ് പിളര്‍പ്പിലേക്കാണോ എന്ന ചോദ്യം ശക്തമായി. വിവാദങ്ങള്‍ ആളി കത്തുമ്പോഴും പരസ്യ പ്രതികരണത്തിന് ജോസ് കെ മാണി തയ്യാറാകുന്നില്ല. ഇത് ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കുന്നു.

ജോസ് കെ. മാണിയെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജോസ് കെ. മാണിയെ നേരിട്ട് ഫോണില്‍ വിളിച്ചതായാണ് പുറത്തുവരുന്ന വിവരം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഈ 'ഓപ്പറേഷന്‍ മടക്കയാത്ര'യ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുസ്ലിം ലീഗ് കൂടി കൈകൊടുത്തതോടെ ജോസിന്റെ മടക്കം ഏകദേശം ഉറപ്പായ മട്ടാണ്. കെസിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കുന്നത്. വാര്‍ത്തകള്‍ ഇത്രയായിട്ടും ജോസ് കെ മാണി പ്രതികരിക്കുന്നില്ല.

ഇടതുമുന്നണി വലിയ പ്രാധാന്യം നല്‍കുന്ന മധ്യമേഖലാ ജാഥ നയിക്കാനില്ലെന്ന് ജോസ് കെ. മാണി അറിയിച്ചെന്നും സൂചനകളുണ്ട്. ഇത് സംഭവിച്ചാല്‍ സിപിഎമ്മിന് തിരിച്ചടിയാകും. ഇടതു പക്ഷം മൂന്ന് ജാഥകള്‍ സംഘടിപ്പിച്ചത് തന്നെ ജോസിനെ ക്യാപ്റ്റനാക്കി മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്താനായിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം പറഞ്ഞ് ജോസ് ഒഴിഞ്ഞുമാറുന്നത് മുന്നണി വിടുന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ജോസ് കെ. മാണി യുഡിഎഫിലേക്ക് കണ്ണ് നടുമ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ തന്റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രമാക്കി മാറ്റി വെല്ലുവിളിക്കുകയാണ്. ഇടതുമുന്നണിയുടെ സമരവേദിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് 'തുടരും' എന്ന് കുറിച്ചതിലൂടെ മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് റോഷി നല്‍കുന്നത്. എ.ന്‍ ജയരാജ് എംഎല്‍എയും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ കടുത്ത ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. റോഷി അഗസ്റ്റിനൊപ്പമാണ് പ്രമോദ് നാരായണന്‍. രണ്ട് എംഎല്‍മാരായ ജോബ് മൈക്കിളും സെബാസ്റ്റിയന്‍ കുളത്തിങ്കലും ജോസ് കെ മാണിക്കൊപ്പമാണ്.

എല്‍ഡിഎഫില്‍ തുടരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോകാന്‍ കാരണമാകുമെന്ന് കത്തോലിക്കാ സഭ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ജോസ് തിരികെ വരണമെന്ന് സഭ നിര്‍ബന്ധം പിടിക്കുമ്പോള്‍, സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്തുക എന്നത് ജോസ് കെ. മാണിക്ക് അഗ്‌നിപരീക്ഷയാകും.

Similar News