'കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ പിണറായി പതിക്കും; ഒരുപാട് സ്ത്രീകളുടെ കണ്ണുനീര്‍ വീണ മണ്ണാണിത്'; വി.എസിന്റെ വാക്കുകള്‍ അനുകരിച്ച് കെ. മുരളീധരന്‍; വിമര്‍ശനം നവീന്‍ ബാബുവിന്റെ വിഷയത്തില്‍
വിമര്‍ശനം നവീന്‍ ബാബുവിന്റെ വിഷയത്തില്‍
തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ ആത്മഹത്യാ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ പിണറായി പതിക്കുമെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഒരുപാട് സ്ത്രീകളുടെ കണ്ണുനീര്‍ വീണ മണ്ണാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം മാണിക്കെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാന്ദന്‍ പറഞ്ഞ വാക്കുകള്‍ അനുകരിച്ചാണ് പിണറായിക്കെതിരെ മുരളീധരന്‍ ആഞ്ഞടിച്ചത്. സ്വന്തം പാര്‍ട്ടിക്കാരനായ നവീന്‍ ബാബുവിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. നവീന്‍ ബാബുവിന്റെ വിധവ നീതിക്കായി പല വാതിലുകളും മുട്ടി. ഒരിടത്ത് നിന്നും ആ പാവം സ്ത്രീക്ക് നീതി ലഭിച്ചില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
മാര്‍ക്‌സിസ്റ്റ് കുടുംബമായിട്ട് പോലും പിണറായി ഭരിക്കുന്ന കേരളത്തില്‍ നീതി ലഭിച്ചില്ല. ദൈവത്തിന്റെ കോടതിയില്‍ പിണറായിക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പാവം സ്ത്രീയുടെ കണ്ണുനീര്‍ കാണാന്‍ പോലും പിണറായിക്ക് കഴിയുന്നില്ല. സി.ബി.ഐ അന്വേഷണത്തിന് പോലും തയാറാവാതെ അപമാനിക്കുകയാണ്.
കേസിലെ പ്രതിയായ പി.പി ദിവ്യയെ സ്വീകരിക്കാന്‍ ജയിലിന് പുറത്തു നിന്നത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ്. നവീന്റെ കുടുംബത്തിന്റെയും പി.പി ദിവ്യയുടെയും കൂടെ പാര്‍ട്ടിയുണ്ടെന്നാണ് ഗോവിന്ദനും ഭാര്യയും പറയുന്നത്. ഈ നിലപാടിനോടുള്ള വൈരാഗ്യമാണ് പത്തനംതിട്ടയിലെ സി.പി.എം പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിജയിപ്പക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ആ യാഥാര്‍ഥ്യം സി.പി.എമ്മുകാര്‍ മനസിലാക്കണമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.