വികസന മുന്നേറ്റ യാത്രയില്‍ പങ്കെടുക്കാതെ പി.കെ ശശി; ആരോഗ്യ പ്രശ്നങ്ങളാലെന്ന് വിശദീകരണം; പി.കെ ശശിയ്ക്ക് പാര്‍ട്ടിയുമായി പ്രശ്‌നമുണ്ട്; അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

വികസന മുന്നേറ്റ യാത്രയില്‍ പങ്കെടുക്കാതെ പി.കെ ശശി

Update: 2026-02-15 13:28 GMT

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തില്‍ പി.കെ ശശി പങ്കെടുത്തില്ല. ഇന്ന് വൈകീട്ട് മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ നിന്നാണ് ശശി വിട്ടുനിന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് പി.കെ ശശിയുടെ വിശദീകരണം.

ശശിയും സിപിഎമ്മും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന യാത്രയില്‍ നിന്ന് വിട്ടുനിന്നത്. ശശിയും യുഡിഎഫ് നേതൃത്വവും ചര്‍ച്ച നടത്തിയിരുന്നു. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, നാളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ ജാഥയിലും പങ്കെടുക്കില്ലെന്നാണ് പി.കെ ശശി വ്യക്തമാക്കിയിരിക്കുന്നത്.

പി.കെ ശശിയ്ക്ക് പാര്‍ട്ടിയുമായി പ്രശ്‌നമുണ്ടെന്ന് എം വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നത്. ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

പി കെ ശശി കോണ്‍ഗ്രസിലെത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കുമെന്ന് സൂചനകള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ പി കെ ശശി തള്ളിയിരുന്നു. താന്‍ ഇപ്പോഴും സിപിഎമ്മിന്റെ അംഗമാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു പി കെ ശശിയുടെ വിശദീകരണം.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മുഖവിലയ്ക്കെടുക്കാറില്ല. ഊഹത്തിന്റെ പുറത്ത് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ റീച്ച് കൂട്ടാന്‍ വേണ്ടിയാകാം. അല്ലെങ്കില്‍ അവരെ ഉപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാവാമെന്നും പി കെ ശശി പ്രതികരിച്ചിരുന്നു.

Tags:    

Similar News