രാഹുലിനെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെ; പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല; കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്; എംഎല്‍എ സ്ഥാനത്തെപ്പറ്റി ഇപ്പോള്‍ തീരുമാനമെടുക്കില്ല; എംഎല്‍എ സ്ഥാനം രാജിവെക്കാത്തവര്‍ ഇപ്പോഴും അസംബ്ലിയില്‍ ഉണ്ട്: പ്രതികരണവുമായി കെ മുരളീധരന്‍

രാഹുലിനെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെ; പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല

Update: 2025-11-27 12:27 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്ന് കെ മുരളീധരന്‍ പറഞ്ഞു. പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല. എംഎല്‍എ സ്ഥാനത്തെപ്പറ്റി ഇപ്പോള്‍ തീരുമാനം എടുക്കില്ലെന്നും കെ. മുരളീധരന്‍. പരാതി ലഭിച്ച സ്ഥിതിക്ക് സര്‍ക്കാറിന് നിലപാട് എടുക്കാം. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണെന്നും മുരളീധരന്‍ പറഞ്ഞു.

എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നുള്ള ചോദ്യത്തിന് തുടര്‍നടപടികള്‍ നോക്കി പാര്‍ട്ടി തീരുമാനം എടുക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കാത്തവര്‍ ഇപ്പോഴും അസംബ്ലിയില്‍ ഉണ്ട്. രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് പാര്‍ട്ടി നിലപാട് എടുക്കും. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും സ്വാഭാവികമായും മാറി നില്‍ക്കേണ്ടിവരും. പാര്‍ട്ടിയില്‍ ഇതുവരെ ആശയക്കുഴപ്പമില്ല. കെപിസിസി പ്രസിഡണ്ട് നിലപാട് പറഞ്ഞിട്ടുണ്ട്. പുറത്താക്കിയ അന്ന് മുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തിയാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പരാതിക്ക് അടിസ്ഥാനമായ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളും പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനേയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. പിന്നാലെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

രാഹുലിനെതിരായ ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പരാതി കിട്ടിയാല്‍ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.

നേരത്തെ രാഹുലിനെതിരായ മാധ്യമവാര്‍ത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍, ആരും മൊഴി നല്‍കാന്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയിരുന്നു. കൂടുതല്‍ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലര്‍ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിക്കുന്നത്.

Tags:    

Similar News