നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ എന്നെ കയറ്റിവിട്ടു; തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് ഞാന്‍ ഓടി; തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്‍

നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ എന്നെ കയറ്റിവിട്ടു

Update: 2024-09-18 09:30 GMT

കോഴിക്കോട്: പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് സമയത്തെ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തൃശൂരില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍ തുറന്നടിച്ചു. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ ആയിരുന്നു അതിന് മുന്‍പന്തിയില്‍ നിന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

തൃശ്ശൂരിലെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് ഇപ്പോഴും കോണ്‍ഗ്രസ് വിദ്വാന്മാര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിനെ വേദിയില്‍ ഇരുത്തി കൊണ്ടായിരുന്നു കെ. മുരളീധരന്റെ രൂക്ഷ വിമര്‍ശനം. കോഴിക്കോട്ട് ഡിസിസി ഓഫീസില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകള്‍, ഇന്നലെവരെ ഗാന്ധിജിയെ കൊന്നവര്‍ ഇന്ന് വലിയവര്‍ ആയിരിക്കുന്നു. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ നടക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഇരുവരും ധാരണയായതായാണ് വിവരം. പക്ഷെ, പാലക്കാട് കോണ്‍ഗ്രസ്സ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിട്ടുന്നതെല്ലാം പോരട്ടെയെന്ന് മുഖ്യമന്ത്രി കരുതി. പക്ഷെ കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തിട്ടില്ല.

വയനാടിന് സഹായം വൈകുന്നതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി പ്രധാനമന്ത്രിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരന്‍, എ. കെ. ആന്റണി, ഉമ്മന്‍ചാണ്ടി ഇവര്‍ മതിയാകുമായിരുന്നു. എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോണ്‍ഗ്രസിലില്ല. ഒന്നിച്ചു നില്‍ക്കേണ്ട കാലമായതിനാല്‍ കൂടുതല്‍ പറയാനില്ല. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News