'കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണം; ക്രൈസ്തവര്‍ക്കാണ് സംഘപരിവാറിനെ ആവശ്യം, മറിച്ചല്ല; കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണ്'; ആരോപണവുമായി കെ പി ശശികല
'കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണം
കോഴിക്കോട്: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ, കന്യാസ്ത്രീകളുടെ മാവോയിറ്റ് ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല രംഗത്ത്. കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണെന്നും ശശികല ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
'ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായിട്ടുണ്ട്. കേരളത്തില്‍ കന്യാസ്ത്രീ മഠങ്ങളിലും സഭയുടെ മറ്റുസ്ഥാപനങ്ങളിലും കത്തോലിക്കാ ഭവനങ്ങളിലും വീട്ടുപണിക്ക് നില്ക്കുന്ന-നിന്നിരുന്ന ഉത്തരേന്ത്യന്‍ ആദിവാസി പെണ്‍കുട്ടികളെപ്പറ്റി സമഗ്രാന്വേഷണം വേണം. അവരുടെ എസ്റ്റേറ്റുകളിലും മറ്റും പണിക്ക് നിര്‍ത്തിയിരിക്കുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്വേഷണം വേണം. മാവോവാദികള്‍ സര്‍ക്കാര്‍ സംവിധാനത്തെ അടുപ്പിക്കാതെ അവരുടെ സാമ്രാജ്യമാക്കി പട്ടിണി മാറ്റാന്‍ സമ്മതിക്കാതെ കൊണ്ടു നടക്കുന്ന മേഖലകളില്‍ നിന്നാണ് ഇവര്‍ ആദിവാസികളെ കൊണ്ടു വരുന്നത്.. ഇത്തരം കന്യാസ്ത്രീകള്‍ ഒരു എതിര്‍പ്പുമില്ലാതെ അവിടെ പോകുന്നു. ഇഷ്ടം പോലെ ആളുകളെ കേറ്റിക്കൊണ്ടു വരുന്നു.
രാഷ്ട്രധ്വംസകരായ മാവോഭീകരരുമായി ഇവര്‍ക്കുള്ള ലിങ്ക് എന്ത് ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തില്‍ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു. ജിഹാദികളേക്കാള്‍ ഒട്ടും പിന്നിലല്ല മാവോവാദികള്‍. എന്‍.ഐ.എ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയം ഗൗരവമായി അന്വേഷിക്കണം. അമേരിക്കയിലെ, ആസ്‌ട്രേലിയയിലെ ഒക്കെ തനതുവംശങ്ങള്‍ വെയിലത്ത് ആവിയായി പോയതല്ല. കൈസ്തവ സഭകള്‍ നശിപ്പിച്ചതാണവരെ. മറക്കരുത് നാം അത്.' -ശശികല കുറിപ്പില്‍ പറയുന്നു.
'ഇസ്‌ലാമിക മതതീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിനാണ് സംഘപരിവാറിനെ ആവശ്യം. അല്ലാതെ മറിച്ചല്ല. കേരളത്തില്‍ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാതിരിക്കുമ്പോള്‍ കുറ്റാരോപിതര്‍ മത പൗരോഹിത്യം വഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ മതസഹിഷ്ണുത തകര്‍ക്കും. അവര്‍ വെല്ലുവിളിക്കുന്നത് ഭരണഘടനയെ തന്നെയാണ്' -മറ്റൊരു കുറിപ്പില്‍ ശശികല പറഞ്ഞു.
നിരവധി തവണ ക്രൈസ്തവ വിശ്വാസികളുടെ ആത്മാഭിമാനം വ്രണപ്പെട്ടപ്പോള്‍ ഒന്നും കണ്ടിട്ടില്ലാത്ത മതനേതൃത്വങ്ങളുടെ ആര്‍ജ്ജവം ഇപ്പോള്‍ കേരളത്തില്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. ഭയത്തിന്റെ പാരമ്പര്യം പേറുന്നവര്‍ ദേശീയ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്താറായിട്ടില്ലെന്നും സുരേഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.