'സവര്‍ക്കറെയും ഹെഡ്‌ഗേവാറിനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കും'; കരാര്‍ ഒപ്പിട്ടത് മന്ത്രിമാര്‍ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാര്‍; സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; പരിഹാസവുമായി കെ സുരേന്ദ്രന്‍
'സവര്‍ക്കറെയും ഹെഡ്‌ഗേവാറിനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കും'
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപിഐ കുരയ്ക്കും കടിക്കില്ലയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നടക്കുന്നത് രാജ്യഭരണമാണ്. കരാര്‍ ഒപ്പിട്ടത് മന്ത്രിമാര്‍ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാരെന്നും കരാര്‍ ഒപ്പിട്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ പോയിട്ടാണെന്നും എം എ ബേബി പോലും അറിഞ്ഞിട്ടില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് പിണറായിയും ശിവന്‍കുട്ടിയും അല്ലാതെ വേറെ ആരാണ് അറിയുകയെന്നും എംഎ ബേബി എപ്പോഴാണ് നോക്കുകുത്തി അല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. വിഡി സവര്‍ക്കറെയും കെബി ഹെഡ്‌ഗേവാര്‍നെ കുറിച്ചും കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് ശരിയായ നിലപാട്. നാല് വര്‍ഷം ഇടതുപക്ഷം തടസപ്പെടുത്തിയതാണെന്നും വി ശിവന്‍കുട്ടി ഞാന്‍ മാറിയിരിക്കുന്നു എന്ന് സമ്മതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലുവര്‍ഷം നടപ്പാക്കാന്‍ വൈകിപ്പിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണം.ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎംശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ ഒപ്പിട്ടുവെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. ഇതിലൂടെ എംവി ഗോവിന്ദന്‍ മറ്റൊരു കബളിപ്പിക്കല്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.